ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ ഓള്‍റൗണ്ടര്‍ ഹാർദിക് പാണ്ഡ്യയെ പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ. തന്‍റെ കളിയെ കുറിച്ച് നന്നായി മനസിലാക്കിയാണ് ഹാര്‍ദിക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. ബാറ്റിനാലും പന്തിനാലും താന്‍ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ഹാര്‍ദിക്കിന് കൂടുതൽ ആത്മവിശ്വാസമുണ്ടെന്നും രോഹിത് പറഞ്ഞു.
പ്രത്യേക സാഹചര്യങ്ങളിൽ താൻ എന്താണ് ചെയ്യേണ്ടതെന്ന് ഹാർദികിന് അറിയാമെന്നും രോഹിത് പറഞ്ഞു. "തിരിച്ചുവരവ് നടത്തിയ കാലം മുതൽ മികച്ച പ്രകടനമാണ് ഹാർദിക് പാണ്ഡ്യ നടത്തുന്നത്. ടീമിന്‍റെ ഭാഗമല്ലാതിരുന്നപ്പോള്‍, തന്‍റെ ശരീരത്തോടും ഫിറ്റ്‌നസ് വ്യവസ്ഥയോടും എന്താണ് ചെയ്യേണ്ടതെന്നും അവന്‍ കണ്ടുപിടിച്ചു.
ഇപ്പോൾ അനായാസം വളരെ വേഗത്തില്‍ അവന് പന്തെറിയാന്‍ കഴിയുന്നുണ്ട്. ഹാര്‍ദിക്കിന്‍റെ ബാറ്റിങ് നിലവാരം നമുക്കെല്ലാവർക്കും അറിയാം, തിരിച്ചുവരവിന് ശേഷം അതും ഏറെ മികച്ചതാണ്. അവൻ ഇപ്പോൾ വളരെ ശാന്തനാണ്, ബാറ്റ് കൊണ്ടായാലും പന്ത് കൊണ്ടായാലും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ അവന് കൂടുതൽ ആത്മവിശ്വാസമുണ്ട്", രോഹിത്ത് പറഞ്ഞു.
സമ്മര്‍ദ ഘട്ടത്തിലും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഹാര്‍ദിക് ബാറ്റ് ചെയ്‌തതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. "ഒരു ഓവറില്‍ 10 റൺസ് ആവശ്യമുള്ള സമ്മർദ ഘട്ടത്തില്‍ നിങ്ങൾ പരിഭ്രാന്തരാകാം, പക്ഷേ അവൻ ഒരിക്കലുമത് കാണിച്ചിരുന്നില്ല", രോഹിത് കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ അപകടകാരിയായ മുഹമ്മദ് റിസ്‌വാന്‍റേത് ഉൾപ്പെടെ മൂന്ന് വിക്കറ്റുകൾ വീഴ്‌ത്താന്‍ ഹാര്‍ദിക്കിന് കഴിഞ്ഞിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്യാനിറങ്ങിയ താരം 17 പന്തിൽ 33 റൺസുമായി പുറത്താകാതെ നിന്നാണ് ഇന്ത്യയുടെ ജയമുറപ്പിച്ചത്.
also read: ASIA CUP: സൂപ്പർ പവറായി പാണ്ഡ്യ, അയല്‍പ്പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ