ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരായ വിജയത്തിന് പിന്നാലെ പാകിസ്ഥാന് കനത്ത തിരിച്ചടി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍റെ പരിക്കാണ് പാക് ടീമിനെ വലയ്‌ക്കുന്നത്. സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്‍റെ വിജയത്തില്‍ നിര്‍ണായകമായ താരമാണ് റിസ്‌വാന്‍.
മത്സരത്തില്‍ വിക്കറ്റ് കീപ്പിങ്ങിനിടെയും, ബാറ്റിങ്ങിനിടെയും ഇടത് കാലിന് പേശീവലിവ് അനുഭവപ്പെട്ട താരം ചികിത്സ തേടിയിരുന്നു. മത്സരത്തിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തെ എംആര്‍ഐ സ്‌കാനിങ്ങിന് വിധേയമാക്കുമെന്ന് പാക് ടീം മാനേജ്‌മെന്‍റ് അറിയിച്ചു. ഇതിന് ശേഷം മാത്രമേ താരത്തിന് പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് അറിയാനാവൂ.
ടൂര്‍ണമെന്‍റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള താരം കൂടിയാണ് റിസ്‌വാന്‍. മൂന്ന് മത്സരങ്ങളില്‍ നിന്നും 192 റണ്‍സാണ് താരം അടിച്ചെടുത്തത്. സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്‌ക്കെതിരെ 51 പന്തില്‍ 71 റണ്‍സടിച്ച താരത്തിന്‍റെ മികവിലാണ് പാകിസ്ഥാന്‍ അഞ്ച് വിക്കറ്റിന്‍റെ ജയം പിടിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയ ലക്ഷ്യം ഒരു പന്ത് ബാക്കി നിര്‍ത്തിയാണ് പാകിസ്ഥാന്‍ മറികടന്നത്.
നേരത്തെ പേസര്‍ ഷാനവാസ് ദഹാനിക്കും പരിക്കേറ്റിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഹോങ്കോങ്ങിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ താരം ടൂര്‍ണമെന്‍റില്‍ തുടര്‍ന്ന് കളിക്കുന്നത് സംശയത്തിലാണ്. അതേസമയം ബുധനാഴ്‌ച(07.09.2022) അഫ്‌ഗാനിസ്ഥാനെതിരെയാണ് പാകിസ്ഥാന്‍റെ അടുത്ത മത്സരം.
also read: Asia Cup | അവസാന ഓവര്‍ വരെ ആവേശം ; സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് അഞ്ച് വിക്കറ്റ് ജയം