കറാച്ചി: ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗം നടന്നിട്ടും ഏഷ്യ കപ്പ് വേദി സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുകയാണ്. ഏഷ്യ കപ്പിനായി പാകിസ്ഥാനിലേക്ക് താരങ്ങളെ അയക്കില്ലെന്ന നിലപാടില്‍ മാറ്റം വരുത്താന്‍ ബിസിസിഐ തയ്യാറായിട്ടില്ല. ഇതോടെ ടൂര്‍ണമെന്‍റിന്‍റെ ആതിഥേയത്വം ഉറപ്പിക്കാനും പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.
പാകിസ്ഥാനിലേക്ക് വന്നില്ലെങ്കില്‍ ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്ന നിലപടാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനുള്ളത്. ഈ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെ, ഇന്ത്യയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ മുന്‍ നായകന്‍ ജാവേദ് മിയാൻദാദ്. ഇന്ത്യയെ ഐസിസി പുറത്താക്കണമെന്നാണ് മിയാൻദാദ് അവശ്യപ്പെട്ടിരിക്കുന്നത്.
"ഞാൻ എപ്പോഴും പറയുന്നത് ഇന്ത്യ വന്നില്ലെങ്കിൽ ഞങ്ങളത് കാര്യമാക്കുന്നില്ലെന്നാണ്. അവരില്ലെങ്കിലും ഞള്‍ക്ക് ക്രിക്കറ്റ് കളിക്കാനാവും. പക്ഷേ ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കേണ്ടത് ഐസിസിയുടെ ജോലിയാണ്, അതിന് കഴിഞ്ഞില്ലെങ്കില്‍ ഇതുകൊണ്ട് ഒരു കാര്യവുമില്ല. എല്ലാ രാജ്യങ്ങൾക്കും ഒരേ നിയമം ഐസിസി നടപ്പിലാക്കണം.
നിയമം അനുസരിക്കാനായില്ലെങ്കില്‍ അതിന്‍റെ പരിണിത ഫലങ്ങള്‍ അവര്‍ അനുവദിക്കേണ്ടതുണ്ട്. അവർ എത്ര ശക്തരാണെങ്കിലും, അവരെ പുറത്താക്കുക തന്നെ വേണം". മിയാൻദാദ് പറഞ്ഞു. പാകിസ്ഥാനിൽ തോൽക്കുന്ന സാഹചര്യം ഇന്ത്യയെ ഭയപ്പെടുത്തുകയാണെന്നും മിയാൻദാദ് പറഞ്ഞു.
"ഞങ്ങളുടെ കാലത്തും പരിണിത ഫലങ്ങളെ ഭയന്ന് അവര്‍ കളിക്കാന്‍ തയ്യാറായിരുന്നില്ല. ഇന്ത്യയുടേത് ഏറ്റവും മോശം കാണികളാണ്. ആർക്കെതിരെയായാലും ഇന്ത്യ തോൽക്കുമ്പോഴെല്ലാം, അവർ വീടുകൾ കത്തിക്കും. അതിനെയാണ് ഇന്ത്യ ഭയപ്പെടുന്നത്". മിയാൻദാദ് കൂട്ടിച്ചേര്‍ത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്‌ട്രീയ അസ്വാരസ്യങ്ങള്‍ രൂക്ഷമായതോടെ 2008ന് ശേഷം ഇന്ത്യ ഇതേവരെ പാകിസ്ഥാനില്‍ പര്യടനം നടത്തിയിട്ടില്ല. പ്രധാന ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് നിലവില്‍ ഇരു ടീമുകളും പരസ്‌പരം മത്സരിക്കുന്നത്.