ലാഹോര്‍ : ഏഷ്യ കപ്പില്‍ പരസ്‌പരം മത്സരിക്കാനിരിക്കുന്ന ഇന്ത്യയുടേയും പാകിസ്ഥാന്‍റേയും പ്രധാന വ്യത്യാസം ബാറ്റിങ് നിരയിലാണെന്ന് പാക് മുന്‍ താരം ആഖിബ് ജാവേദ്. മധ്യനിരയുടെ കരുത്താണ് ഇന്ത്യയെ വ്യത്യസ്‌തമാക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയെപ്പോലെ ഒരു താരം പാകിസ്ഥാനില്ലെന്നും ആഖിബ് ജാവേദ് പറഞ്ഞു.
'ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രധാന വ്യത്യാസം ബാറ്റിങ് നിരയിലാണ്. കൂടുതല്‍ പരിചയ സമ്പത്തുള്ള ബാറ്റിങ് നിരയാണ് ഇന്ത്യയ്‌ക്കുള്ളത്. രോഹിത് ശര്‍മയെപ്പോലെ ഒരു താരം തിളങ്ങിയാല്‍ ഒറ്റയ്‌ക്ക് മത്സരം വിജയിപ്പിക്കാനാവും. അതിനുള്ള മറുപടി പാകിസ്ഥാന്‍ ടീമിലുമുണ്ട്.
ഫഖര്‍ സമാന്‍ അത്തരത്തിലുള്ളൊരു താരമാണ്. എന്നാല്‍ ഇന്ത്യയുടെ മിഡില്‍ ഓര്‍ഡര്‍ കൂടുതല്‍ ശക്തമാണ്. അവരുടെ ഓള്‍ റൗണ്ടര്‍മാരാണ് അതിന് കാരണം, ഹാര്‍ദിക് പാണ്ഡ്യയെപ്പോലെ ഒരു താരം പാകിസ്ഥാനില്ല. മത്സരഫലത്തെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഹാര്‍ദിക്' - ആഖിബ് ജാവേദ് പറഞ്ഞു.
also read: ബാബറിന് കോലിയെപ്പോലെ ഏറെ നീണ്ട ദുരിതകാലമുണ്ടാവില്ല, കാരണങ്ങള്‍ നിരത്തി ആഖിബ് ജാവേദ്
കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ എത്തുന്നത്. ലോകകപ്പിലെ 10 വിക്കറ്റ് തോല്‍വിക്ക് കണക്ക് തീര്‍ക്കാനാവും ഇന്ത്യന്‍ ശ്രമം. ഓഗസ്റ്റ് 27ന് ആരംഭിക്കുന്ന ഏഷ്യ കപ്പില്‍, 28നാണ് ഇന്ത്യ-പാക് പോരാട്ടം. ദുബായിലാണ് ഈ മത്സരം നടക്കുന്നത്.