ന്യൂഡല്‍ഹി: ഏഷ്യ കപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി. മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ഏഷ്യ കപ്പിനായി യുഎഇയിലേക്ക് പുറപ്പെടാൻ തയ്യാറെക്കുന്ന ടീമിനൊപ്പം ദ്രാവിഡിന് ചേരാനാകില്ല.
കഴിഞ്ഞ ദിവസം സമാപിച്ച സിംബാബ്‌വെ പര്യനടനത്തില്‍ നിന്നും ദ്രാവിഡിന് സെലക്ഷൻ കമ്മിറ്റി വിശ്രമം അനുവദിച്ചിരുന്നു. ടി20 ലോകകപ്പ് കൂടി പടിവാതില്‍ക്കലെത്തി നില്‍ക്കെ ഏറെ പ്രാധാന്യത്തോടെയാണ് ഇന്ത്യ ഏഷ്യ കപ്പിനിറങ്ങുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം പൊളിച്ചെഴുതിയ ടീമിന്‍റെ കളി ശൈലിയില്‍ ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം ദ്രാവിഡിനും നിർണായക പങ്കാണുള്ളത്.
ഏഷ്യ കപ്പിന് ആതിഥേയത്വം വഹിക്കുന്ന യുഎഇയിൽ മുഖ്യപരിശീലകന് എപ്പോഴാണ് എത്താനാവുക എന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല. ഓഗസ്റ്റ് 27നാണ് ഏഷ്യ കപ്പ് ആരംഭിക്കുന്നത്. 28ന് ചിരവൈരികളായ പാകിസ്ഥാനെതിരായാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ടൂര്‍ണമെന്‍റില്‍ ഹാട്രിക് കിരീടമാണ് ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത്. സിംബാബ്‌വെ പര്യടത്തില്‍ വിശ്രമം അനുവദിച്ച രോഹിത്തും വിരാട് കോലിയുമടക്കമുള്ള താരങ്ങള്‍ ഏഷ്യകപ്പ് ടീമിലേക്ക് മടങ്ങിയെത്തും. പരിക്കേറ്റതിനെ തുടര്‍ന്ന് സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ അഭാവം ഇന്ത്യയ്‌ക്ക് തിരിച്ചടിയാണ്.