കൊളംബോ: ശ്രീലങ്കയിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ, 2022 ലെ ഏഷ്യാ കപ്പ് ആതിഥേയത്വം മറ്റ് രാജ്യങ്ങളുടെ നിലപാടിനെ ആശ്രയിച്ചിരിക്കുമെന്ന് മുൻ ക്രിക്കറ്റ് താരവും മന്ത്രിയുമായ അർജുന രണതുംഗ. 2022 ലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ശ്രീലങ്കയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ രാജ്യത്ത് നിലനിൽക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം നടത്തിപ്പിനെചൊല്ലി നിരവധി ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്.
വലിയൊരു വിഭാഗം ആളുകളെയും നേരിട്ട് ബാധിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഭക്ഷണ സാധനങ്ങൾക്കും ഇന്ധനത്തിനും പൊള്ളുന്ന വിലയാണ്. കൊവിഡിന്‍റെ തുടക്കം മുതൽ തന്നെ സമ്പദ്‌വ്യവസ്ഥ സ്വതന്ത്രമായ തകർച്ചയിലാണ്.
'എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഇവിടെ ക്രിക്കറ്റ് ബോർഡിന്‍റെ തലപ്പത്തുള്ളവർ തീരെ പ്രൊഫഷണലല്ല. ഏഷ്യാ കപ്പിന്‍റെ നടത്തിപ്പിനായി ഞാൻ രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. മറ്റ് രാജ്യങ്ങൾ ഇവിടെത്തെ സ്ഥിതിഗതികൾ എങ്ങനെ നോക്കികാണുമെന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്‍റെ ഭാവി.' രണതുംഗ എഎൻഐയോട് പറഞ്ഞു.
'പ്രതിഷേധക്കാർക്ക് ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നതിൽ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. അവർക്ക് സർക്കാരുമായിട്ട് മാത്രമാണ് നിലവിൽ പ്രശ്‌നങ്ങളുള്ളത്, അവർ ടൂർണമെന്‍റ് തടസപ്പെടുത്തുകയില്ല. പക്ഷേ ഭരണത്തിലുള്ളവർ പ്രൊഫഷണലല്ല, അവർ ക്രിക്കറ്റ് ബോർഡിനെ നശിപ്പിച്ചു. നിലവിലെ സാഹചര്യം അവർ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് എനിക്കറിയില്ല. 'അദ്ദേഹം കൂട്ടിച്ചേർത്തു.
'മുൻ ക്രിക്കറ്റ് താരങ്ങൾ ടൂർണമെന്‍റിനായി ഫണ്ട് വാഗ്‌ദാനം ചെയ്‌താലും സർക്കാർ ആ പണം അവരുടെ നേട്ടത്തിനായി ഉപയോഗിക്കുമെന്ന് മുൻ ക്രിക്കറ്റ് താരം പറഞ്ഞു. ഈ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ മെച്ചപ്പെടുത്തില്ല. കാരണം നിലവിലെ സാഹചര്യം മറികടക്കാൻ ഞങ്ങൾക്ക് ധാരാളം പണം ആവശ്യമായിട്ടുള്ളതുണ്ട്. നിലവിലെ ഈ പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള പ്രാപ്‌തി സർക്കാരിനില്ല.' രണതുംഗ പറഞ്ഞു.