ന്യൂഡല്‍ഹി : നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് ഓപ്പണിങ് സ്ഥാനത്തേയ്ക്ക് പരിഗണിക്കാവുന്ന മികച്ച ഒപ്‌ഷനാണ് വിരാട് കോലിയെന്ന് മുന്‍ താരം ഹർഭജൻ സിങ്. രാഹുൽ ദ്രാവിഡിന്‍റെ നേതൃത്വത്തിലുള്ള കോച്ചിങ് സ്റ്റാഫ് കോലി-രോഹിത് ശർമ ഓപ്പണിങ് കോമ്പിനേഷനെ തങ്ങളുടെ പ്ലാൻ എ ആയി കണക്കാക്കുമോ എന്ന് തനിക്ക് ഉറപ്പില്ലെന്നും ഹർഭജൻ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടാണ് ഇന്ത്യയുടെ മുന്‍ താരത്തിന്‍റെ പ്രതികരണം.
"ഫ്രാഞ്ചൈസി ക്രിക്കറ്റിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ നായകനായിരിക്കുമ്പോഴും കോലി ഓപ്പണറായെത്തിയിട്ടുണ്ട്. ആർസിബിക്ക് വേണ്ടി ഓപ്പണറായെത്തിയ ഒരു സീസണില്‍ അവന്‍ 921 റൺസ് നേടിയിട്ടുണ്ട്. അതിനാൽ ഈ റോൾ അവന് പുതിയതല്ല. അവന് ഈ സ്ഥാനം ഇഷ്‌ടമാണ്" - ഹർഭജൻ സിങ് പറഞ്ഞു.
"മുന്നോട്ട് പോകുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് ഇന്ത്യന്‍ ടീം കണ്ടെത്തേണ്ടതുണ്ട്. കോലി-രോഹിത് സഖ്യം ഓപ്പണിങ്ങിലെത്തുന്നതും കെഎല്‍ രാഹുല്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതിലും തീരുമാനമെടുക്കേണ്ടത് അവരാണ്. ഓപ്പണിങ്ങില്‍ വിരാട് ഒരു മികച്ച ഒപ്‌ഷനായിരിക്കും.
ദ്രാവിഡ് അതിൽ ഉറച്ചുനിൽക്കുമോ എന്ന് എനിക്ക് ഉറപ്പില്ല. എന്നെ സംബന്ധിച്ച് വിരാട് വളരെ മികച്ച കളിക്കാരനാണ്. ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. കെഎൽ രാഹുലും രോഹിത്തും അങ്ങനെ തന്നെ" - ഹർഭജൻ സിങ് കൂട്ടിച്ചേര്‍ത്തു.
ടി20 ക്രിക്കറ്റില്‍ രോഹിത് ശർമയ്ക്ക് ഒപ്പം കെഎല്‍ രാഹുലാണ് സ്ഥിരമായി ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാറുള്ളത്. ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ഓപ്പണറായെത്തി സെഞ്ച്വറി നേടിയ കോലിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചതോടെയാണ് കോലി പകരമെത്തിയത്.
61 പന്തിൽ 122 റൺസ് അടിച്ച് കൂട്ടിയ കോലി പുറത്താകാതെ നിന്നിരുന്നു. 6 സിക്‌സറുകളും 12 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു കോലിയുടെ സൂപ്പര്‍ ഇന്നിങ്‌സ്. മൂന്ന് വര്‍ഷത്തിന് ശേഷമുള്ള ഇടവേളയ്‌ക്ക് ശേഷമായിരുന്നു കോലി മൂന്നക്കം തൊട്ടത്.
ടി20 ക്രിക്കറ്റില്‍ താരത്തിന്‍റെ കന്നി സെഞ്ച്വറി കൂടിയാണിത്. അന്താരാഷ്‌ട്ര ടി20യില്‍ ഇതേവരെ ഒമ്പത് തവണ ഓപ്പണറായെത്തിയ വിരാട് കോലി 140 സ്ട്രൈക്ക് റേറ്റിൽ 400 റൺസ് നേടിയിട്ടുണ്ട്. എന്നാല്‍ മൂന്നാം നമ്പറിൽ 135.06 സ്‌ട്രൈക്ക് റേറ്റിലാണ് കോലി തന്‍റെ റണ്ണുകളുടെ ഭൂരിഭാഗവും നേടിയത്.
അതേസമയം കോലി ഓപ്പണറായി തുടരുമോയെന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകന് കെഎല്‍ രാഹുല്‍ നല്‍കിയ മറുപടി ഏറെ ചര്‍ച്ചയായിരുന്നു. ഞാന്‍ പുറത്തിരിക്കണം എന്നാണോ നിങ്ങള്‍ പറയുന്നതെന്ന് ചിരിച്ചുകൊണ്ട് രാഹുല്‍ ചോദിച്ചു. ഏത് സ്ഥാനത്ത് ബാറ്റ് ചെയ്‌താലും സെഞ്ച്വറി നേടാന്‍ കഴിയുന്ന താരമാണ് വിരാട് കോലിയെന്നും രാഹുല്‍ വ്യക്തമാക്കി.
ഓരോ കളിക്കാരനും ടീമില്‍ വെവ്വേറെ ചുമതലകളുണ്ട്. കോലി അദ്ദേഹത്തിന്‍റെ ചുമതല മികച്ചതാക്കി. ടീം അടുത്ത പരമ്പര കളിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ചുമതല മറ്റൊന്നാകും. ആ സ്ഥാനത്തും ഏറ്റവും മികച്ച പ്രകടനം കോലി തരും. അതിനാല്‍ അദ്ദേഹത്തിന്‍റെ ബാറ്റിങ് പൊസിഷനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തയില്ലെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്.