കാന്‍ഡി: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്ക് എതിരെ പാകിസ്ഥാന്‍ ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit sharma) ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു (Pakistan vs India toss report). വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ പ്രതികരിച്ചു.
നിലവാരമുള്ള എതിരാളികളുള്ള മികച്ച ടൂര്‍ണമെന്‍റാണിത്. ഇവിടെ ഞങ്ങള്‍ക്ക് എന്ത് നേടാന്‍ കഴിയുമെന്ന് നോക്കാമെന്നും രോഹിത് പറഞ്ഞു. രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലുമാണ് ഇന്ത്യയുടെ ഓപ്പണിങ് ജോഡി. ഇഷാന്‍ കിഷനാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിലെത്തിയത്. വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരാണ് മറ്റ് പ്രധാന ബാറ്റര്‍മാര്‍.
പേസ് ഓള്‍ റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും ശാര്‍ദുല്‍ താക്കൂറും ടീമിലുണ്ട്. ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് പ്രധാന പേസര്‍മാര്‍. രവീന്ദ്ര ജഡേജ സ്‌പിന്‍ ഓള്‍ റൗണ്ടറായും കുല്‍ദീപ് യാദവ് സ്‌പെഷ്യലിസ്റ്റ് സ്‌പിന്നറായും ടീമിലെത്തി.
ടോസ് ജയിച്ചിരുന്നുവെങ്കില്‍ തങ്ങളും ബാറ്റിങ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം (Babar Azam ) പറഞ്ഞു. ഇവിടെ ധാരാളം മത്സരങ്ങള്‍ കളിച്ചതിനാല്‍ സാഹചര്യങ്ങളെക്കുറിച്ച് നന്നായി അറിയാം. ഏറെ മികവുറ്റ ടീമുകളാണ് ഏഷ്യ കപ്പില്‍ കളിക്കുന്നത്. അവിടെ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ ശ്രമം നടത്തുമെന്നും ബാബര്‍ പറഞ്ഞു.
ഇന്ത്യ (പ്ലേയിങ് ഇലവൻ) (India Playing XI Against Pakistan): രോഹിത് ശർമ (സി), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ (ഡബ്ല്യു), വിരാട് കോലി, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
പാകിസ്ഥാൻ (പ്ലേയിങ് ഇലവൻ) (Pakistan Playing XI Against India ): ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, ബാബർ അസം (സി), മുഹമ്മദ് റിസ്വാൻ (ഡബ്ല്യു), ആഗ സൽമാൻ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, നസീം ഷാ.
പല്ലേക്കലെ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് എയുടെ ഭാഗമായ മത്സരമാണിത്. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഇന്ത്യയും പാകിസ്ഥാനും ആദ്യമായാണ് നേര്‍ക്കുനേര്‍ എത്തുന്നത്. ഗ്രൂപ്പില്‍ ഇന്ത്യ ആദ്യത്തേയും പാകിസ്ഥാന്‍ തങ്ങളുടെ രണ്ടാമത്തേയും മത്സരത്തിനാണ് ഇറങ്ങുന്നത്.
ആദ്യ മത്സരത്തില്‍ നേപ്പാളിനെതിരെ മിന്നും വിജയം സ്വന്തമാക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നു. ഇന്ന് പാകിസ്ഥാനെ ഇന്ത്യ തോല്‍പ്പിച്ചാല്‍ നേപ്പാള്‍ പുറത്താവുകയും ഇന്ത്യ, പാകിസ്ഥാന്‍ ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് കടക്കുകയും ചെയ്യും.