മുംബൈ : ഈ വര്‍ഷം സെപ്‌റ്റംബറില്‍ നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് (Asia Cup) ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് പാകിസ്ഥാന്‍ മുന്നോട്ടുവച്ച ഹൈബ്രിഡ് മോഡലിന് എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ (Asian Cricket Council- ACC) അംഗീകാരം ലഭിക്കാന്‍ സാധ്യത. ടൂര്‍ണമെന്‍റിലെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തുമെന്നാണ് സൂചന. വരുന്ന ചൊവ്വാഴ്‌ച (13 ജൂണ്‍) ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (PCB) മുന്നോട്ടുവച്ച ഹൈബ്രിഡ് ആശയത്തിന് അംഗീകാരം ലഭിച്ചാല്‍ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിലും അവര്‍ പങ്കെടുക്കും.
നിലവില്‍ ഏഷ്യ കപ്പില്‍ ഇന്ത്യയുടേതല്ലാത്ത നാല് മത്സരങ്ങള്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ vs നേപ്പാള്‍, ബംഗ്ലാദേശ് vs അഫ്‌ഗാനിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ vs ശ്രീലങ്ക, ശ്രീലങ്ക vs ബംഗ്ലാദേശ് എന്നീ മത്സരങ്ങളാകും ഇവിടെ നടത്തുക.
ഇന്ത്യയും പാകിസ്ഥാനും തമ്മിലേറ്റുമുട്ടുന്ന രണ്ട് മത്സരങ്ങളും പല്ലേക്കലെയിലോ ഗാലെയിലോ നടത്തുമെന്നാണ് വിവരം. കൂടാതെ സൂപ്പര്‍ ഫോര്‍ റൗണ്ടിലെ മുഴുവന്‍ മത്സരങ്ങള്‍ക്കും ശ്രീലങ്കയാകും വേദിയാവുക.
ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ക്ക് ആദ്യം പിസിബി മുന്നോട്ടുവച്ച ഹൈബ്രിഡ് മോഡലിനോട് യോജിപ്പുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ നിഷ്‌പക്ഷ വേദിയില്‍ മത്സരം നടത്തുകയാണെങ്കില്‍ പാകിസ്ഥാന്‍ ടൂര്‍ണമെന്‍റില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഹൈബ്രിഡ് മോഡലില്‍ മത്സരം നടത്താമെന്ന തീരുമാനത്തിലേക്ക് എത്തിയത്.
Also Read : ഏഷ്യ കപ്പിന് പാകിസ്ഥാൻ വേദിയാകില്ല ; ടൂർണമെന്‍റ് ശ്രീലങ്കയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേഥിയായിരുന്നു ഹൈബ്രിഡ് മോഡലില്‍ മത്സരങ്ങള്‍ നടത്താമെന്ന ആശയം ആദ്യം മുന്നോട്ടുവച്ചത്. ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്‌പക്ഷ വേദിയിലും മറ്റ് മത്സരങ്ങള്‍ പാകിസ്ഥാനിലും നടത്തണമെന്നാണ് സേഥി ആവശ്യപ്പെട്ടിരുന്നത്. പിന്നാലെ ഈ വിഷയത്തില്‍ പരിഹാരം കണ്ടെത്താനായി ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ പങ്കജ് ഖിംജിയെ (Pankaj Khimji) ആയിരുന്നു എസിസി ചുമതലപ്പെടുത്തിയത്.
നേരത്തെ, അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (International Cricket Council- ICC) സിഇഒ ജിയോഫ് അലാർഡിസ് (Geoff Allardice), ചെയര്‍മാന്‍ ഗ്രെഗ് ബാർക്ലേ (Greg Barclay) എന്നിവര്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേഥിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഏഷ്യ കപ്പിലെ നാല് മത്സരങ്ങള്‍ പാകിസ്ഥാനില്‍ നടന്നാല്‍, ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ അവര്‍ പങ്കെടുക്കാമെന്നതിലും തീരുമാനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read : പാകിസ്ഥാനോട് തോല്‍ക്കുമെന്ന് ഭയം; ഏഷ്യ കപ്പിനായി ഇന്ത്യ പാക് മണ്ണിലേക്ക് വരാത്തതിന് കാരണമിതെന്ന് നജാം സേത്തി
പാകിസ്ഥാന്‍ ലോകകപ്പില്‍ പങ്കെടുക്കാന്‍ എത്തിയാല്‍ ഇന്ത്യയുമായുള്ള പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കാനാണ് സാധ്യത. കൂടാതെ പാകിസ്ഥാന്‍റെ ശേഷിക്കുന്ന മത്സരങ്ങള്‍ ചെന്നൈയിലും ഹൈദരാബാദിലുമായിരിക്കും നടക്കുക.