മുംബൈ: ഏകദിന ലോകകപ്പിന് മുന്നോടിയായി കെഎൽ രാഹുലിനെയും (KL Rahul) ശ്രേയസ് അയ്യരെയും (Shreyas Iyer) അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് മടക്കിയെത്തിക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. ഇതിന്‍റെ ഭാഗമായാണ് പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി ടീമിന് പുറത്തായിരുന്ന ഇരുവരേയും ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വഡിലേക്ക് (Asia Cup 2023 India squad) ഉള്‍പ്പടുത്തിയത്. മടങ്ങിവരവില്‍ ശ്രേയസ് ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുത്തപ്പോള്‍ രാഹുലിന് ചെറിയ പരിക്കുണ്ടെന്ന് സെലക്‌ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞിരുന്നു.
അന്താരാഷ്‌ട്ര തലത്തില്‍ ഒരു മത്സരം പോലും കളിച്ച് ഫോം തെളിയിക്കാതെയാണ് ഇരു താരങ്ങളും ടീമിലേക്ക് തിരിച്ചത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സെലക്‌ടര്‍മാര്‍ക്കെതിരെ ചില കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ പ്രസ്‌തുത തീരുമാനത്തിന് പൂര്‍ണ പിന്തുണ അറിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ കപില്‍ ദേവ് (Kapil Dev).
ലോകകപ്പിന് മുമ്പ് ഓരോ കളിക്കാരനും പരീക്ഷിക്കപ്പെടേണ്ടതുണ്ടെന്നാണ് കപില്‍ ദേവ് പറയുന്നത് (Kapil Dev on India squad). ഓരോ കളിക്കാരന്‍റേയും ഫിറ്റ്നസ് പരിശോധിക്കുന്നതിനുള്ള മികച്ച വേദിയാണ് ഏഷ്യ കപ്പെന്നും (Asia Cup 2023) ഇന്ത്യയുടെ ലോകകപ്പ് ജേതാവ് അഭിപ്രായപ്പെട്ടു.
"ലോകകപ്പ് വളരെ അടുത്തെത്തി നില്‍ക്കുകയാണ്. ഓരോ കളിക്കാരനും പരീക്ഷിക്കപ്പെടേണ്ടതുണ്ട്. അതിന് കഴിയാതിരിക്കുകയും ലോകകപ്പിന് മുന്നെ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുകയും ചെയ്‌താല്‍, തീര്‍ച്ചയായും മുഴുവൻ ടീമും കഷ്‌ടപ്പെടും.
ഇടവേളയ്‌ക്ക് ശേഷം മടങ്ങിയെത്തുന്നവര്‍ക്ക് ഏഷ്യ കപ്പില്‍ ബാറ്റ് ചെയ്യാനോ ബോൾ ചെയ്യാനോ കഴിഞ്ഞാല്‍ തങ്ങളുടെ താളം കുറച്ചെങ്കിലും വീണ്ടെടുക്കാന്‍ കഴിയും. ഏഷ്യ കപ്പില്‍ തീര്‍ച്ചയായും പരിക്കില്‍ നിന്നും മടങ്ങിയെത്തിയ താരങ്ങൾക്ക് അവസരം നൽകേണ്ടതുണ്ട്.
ഫിറ്റാണെന്ന് തെളിയിക്കുകയാണെങ്കില്‍ അവര്‍ക്ക് ലോകകപ്പിലും കളിക്കാം. പക്ഷെ, ഏറ്റവും മോശം സാഹചര്യമെന്തെന്നാല്‍ ലോകകപ്പിനിടെ വീണ്ടും പരിക്കേല്‍ക്കുകയാണെങ്കില്‍, അതു ടീമിന്‍റെ ഭാഗമാവാന്‍ കഴിയാതിരുന്ന മറ്റ് കളിക്കാരോടുള്ള അനീതിയാവും"- കപില്‍ ദേവ് വ്യക്തമാക്കി.
ഫിറ്റ്നസിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഒരു കളിക്കാരനെയും ടീമില്‍ എടുക്കരുതെന്നും 1983-ല്‍ ഇന്ത്യയ്‌ക്ക് ലോകകപ്പ് നേടിത്തന്ന നായകനായ കപില്‍ ദേവ് നിര്‍ദേശിച്ചു. "ഇന്ത്യയെ സംബന്ധിച്ച് പ്രതിഭകൾക്ക് യാതൊരു കുറവുമില്ല. ലോകകപ്പിന് മുന്നെ ഏതെങ്കിലും ഒരു കളിക്കാരന്‍ ഫിറ്റല്ലെങ്കില്‍ ടീമില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.
ലോകകപ്പിനായി ഒരു ടീമിനെ വാര്‍ത്തെടുക്കാനുള്ള മികച്ച അവസരമാണ് ഏഷ്യ കപ്പ് വേദി. ഓരോ കളിക്കാരനും അവിടെ സ്വയം പ്രകടിപ്പിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. എന്നാൽ ഫിറ്റ്‌നസില്‍ എന്തെങ്കിലും ആശങ്കകളുണ്ടെങ്കില്‍ അവരെ പരിഗണിക്കേണ്ടതില്ല. ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനായി മികച്ച ടീമിനെ തന്നെയാണ് സെലക്‌ടര്‍മാര്‍ തിരഞ്ഞെടുക്കേണ്ടത്" കപില്‍ ദേവ് പറഞ്ഞു നിര്‍ത്തി.