കൊളംബോ: ഏഷ്യ കപ്പ് (Asia Cup 2023) സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്‌ക്ക് എതിരെ ശ്രീലങ്കയ്‌ക്ക് ബോളിങ് (India vs Sri Lanka). ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഒരുമാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. ശാര്‍ദുല്‍ താക്കൂര്‍ പുറത്തായപ്പോള്‍ അക്‌സര്‍ പട്ടേല്‍ ടീമിലിടം നേടി.
ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവനെ നിലനിര്‍ത്തിയതായി ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷാനക അറിയിച്ചു. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഏഷ്യ കപ്പ് (Asia Cup 2023) സൂപ്പര്‍ ഫോറില്‍ തങ്ങളുടെ ആദ്യ മത്സരം വിജയിച്ചാണ് ഇന്ത്യയും ശ്രീലങ്കയും ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. പാകിസ്ഥാനെ ഇന്ത്യ 228 റണ്‍സിന് തകര്‍ത്ത് വിട്ടപ്പോള്‍ ബംഗ്ലാദേശിനെതിരെ 21 റണ്‍സിനായിരുന്നു ശ്രീലങ്ക കളി പിടിച്ചത്.
നിലവില്‍ ഇരു ടീമുകള്‍ക്കും രണ്ട് പോയിന്‍റ് വീതമാണുള്ളത്. എന്നാല്‍ മികച്ച റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യ തലപ്പത്തും ശ്രീലങ്ക രണ്ടാമതുമാണുള്ളത്. ഇന്നത്തെ മത്സരം വിജയിക്കുന്നവര്‍ക്ക് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാം. ഏകദിനത്തില്‍ തുടര്‍ച്ചയായ 13 മത്സരങ്ങളില്‍ തോല്‍വി അറിയാതെയാണ് ശ്രീലങ്ക ഇന്ത്യയ്‌ക്കെതിരെ കളിക്കാനെത്തുന്നത്. ടീമിന്‍റെ ഈ വിജയക്കുതിപ്പിന് ഇന്ന് വിരാമമാകുമോയെന്ന് കാത്തിരുന്ന് കാണാം. എന്നാല്‍ മത്സരത്തിന് മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്.
കൊളംബോയില്‍ ആര്‍ പ്രേമദാസ സ്റ്റേഡിയം ഉള്‍പ്പെടുന്ന പ്രദേശത്ത് ഉച്ചയ്‌ക്ക് ശേഷം മഴയ്‌ക്ക് 60 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. വൈകുന്നേരത്തോടെ ഇത് 40 ശതമാനത്തിലേക്ക് കുറയുമെന്നുമാണ് പ്രവചനം. ഇതോടെ മത്സരത്തില്‍ മഴ രസം കൊല്ലിയാവാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, കെഎൽ രാഹുൽ (ഡബ്ല്യു), ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ശ്രീലങ്ക (പ്ലേയിംഗ് ഇലവൻ): പാത്തും നിസ്സാങ്ക, ദിമുത് കരുണരത്‌നെ, കുശാൽ മെൻഡിസ് (ഡബ്ല്യു), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ദസുൻ ഷാനക(ക്യാപ്റ്റന്‍), ദുനിത് വെല്ലലഗെ, മഹീഷ് തീക്ഷണ, കസുൻ രജിത, മതീഷാ പതിരണ
ഇന്ത്യ-ശ്രീലങ്ക മത്സരം കാണാന്‍ (Where to watch IND vs SL match): ഏഷ്യ കപ്പ് 2022-ലെ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലെ ഇന്ത്യ-ശ്രീലങ്ക മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി+ഹോട്‌സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെയും വെബ്‌സൈറ്റിലൂടെയും ഓണ്‍ലൈനായി ഈ മത്സരത്തിന്‍റെ സ്‌ട്രീമിങ്ങുണ്ട്.