ഹൈദരാബാദ്: ഏഷ്യ കപ്പും (Asia cup) ലോകകപ്പും (ODI World cup) അടുത്ത് നില്‍ക്കെ ഇനി ഏകദിന ക്രിക്കറ്റിന്‍റെ തിരക്കേറിയ ദിനങ്ങളാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്. ഏഷ്യ കപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ ടീമിന്‍റെ മിഡില്‍ ഓര്‍ഡര്‍ ഇതേവരെ സെറ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊതുവെ സംസാരമുള്ളത്. പ്രധാനമായും നാലാം നമ്പര്‍ ബാറ്റർ ആരായിരിക്കുമെന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്.
2019-ലെ ലോകകപ്പ് തൊട്ട് ഈ നമ്പറില്‍ ഒരു സ്ഥിരക്കാരനെ കണ്ടെത്താന്‍ ടീമിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ 12 കളിക്കാരെയാണ് മാനേജ്‌മെന്‍റ് തല്‍സ്ഥാനത്ത് പരീക്ഷിച്ചിട്ടുള്ളത്. ഇവരുടെ ആകെ ബാറ്റിങ് ശരാശരി വെറും 33.5 ആണെന്നാണ് കണക്കുകള്‍.
ബാറ്റിങ് ഓര്‍ഡറില്‍ മൂന്ന് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളിലെ ഏറ്റവും കുറഞ്ഞ ശരാശരിയും ഇതാണ്. കുറച്ച് കാലങ്ങളായി ശ്രേയസ് അയ്യരും (Shreyas Iyar) കെഎൽ രാഹുലുമാണ് (KL Rahul) ഈ സ്ഥാനത്ത് കളിക്കുന്നത്. എന്നാല്‍ ഇരുവര്‍ക്കും പരിക്കേറ്റതോടെ മറ്റ് താരങ്ങളിലേക്ക് നോക്കാന്‍ മാനേജ്‌മെന്‍റ് നിര്‍ബന്ധിതരായിരുന്നു. ഇതിന്‍റെ ഭാഗമായാണ് നിലവിലെ ഏഷ്യ കപ്പ് സ്‌ക്വാഡില്‍ അണ്‍ ക്യാപ്‌ഡായ തിലക് വര്‍മയും (Tilak Varma) ഫോര്‍മാറ്റില്‍ ഇതേവരെ താളം കണ്ടെത്താന്‍ കഴിയാത്ത സൂര്യകുമാര്‍ യാദവും (Suryakumar Yadav) ഇടം പിടിച്ചത്.
നാലാം നമ്പറില്‍ കേമനാര്?: നിലവില്‍ ശ്രേയസ് അയ്യര്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരാണ് നാലാം നമ്പറില്‍ മാനേജ്‌മെന്‍റിന്‍റെ പരിഗണനയിലുള്ള താരങ്ങള്‍. രാഹുലിനേയും തല്‍സ്ഥാനത്ത് കളിപ്പിക്കാമെങ്കിലും അഞ്ചാം നമ്പറിലാണ് താരം നിലവില്‍ കൂടുതലായി കളിക്കുന്നത്. സമീപകാലത്തായി പല തവണ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കാണ് മാനേജ്‌മെന്‍റ് കൂടുതല്‍ പിന്തുണ നല്‍കുന്നത്. 2019 ലോകകപ്പ് മുതൽ ഇന്ത്യക്കായി നാലാം നമ്പറിൽ ബാറ്റ് ചെയ്യുമ്പോൾ 805 റൺസാണ് ശ്രേയസ് അയ്യർ നേടിയിട്ടുള്ളത്.
പരിക്കിന്‍റെ ഇടവേള കഴിഞ്ഞാണ് താരം ഏഷ്യ കപ്പ് സ്‌ക്വാഡില്‍ ഇടം നേടിയിരിക്കുന്നത്. ശ്രേയസ് പുറത്തിരുന്ന സമയത്ത് നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെയായിരുന്നു മാനേജ്‌മെന്‍റ് പരീക്ഷിച്ചത്. എന്നാൽ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും വെറും 30 റണ്‍സാണ് സൂര്യയ്‌ക്ക് നേടാന്‍ കഴിഞ്ഞത്.
ടി20 ഫോര്‍മാറ്റിലെ മിന്നും താരമാണെങ്കിലും ഏകദിനത്തില്‍ തന്‍റെ മികവ് പകര്‍ത്താന്‍ സൂര്യയ്‌ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇതോടൊപ്പം പറയേണ്ട കാര്യമാണ്. 24 ഇന്നിങ്‌സുകളില്‍ നിന്ന് 24.3 ശരാശരിയില്‍ 511 റൺസ് മാത്രമാണ് ഫോര്‍മാറ്റില്‍ താരത്തിന്‍റെ സമ്പാദ്യം. അടുത്തിടെ വെസ്റ്റ്‌ഇന്‍ഡീസിനെതിരായ പര്യടനത്തില്‍ ഓപ്പണറുടെ റോളിലാണ് കളിച്ചതെങ്കിലും ഇഷാന്‍ കിഷന്‍ മധ്യനിരയില്‍ ഉപയോഗിക്കാവുന്ന താരമാണ്.
ആറ് ഇന്നിങ്‌സുകളില്‍ നിന്നും 106 റണ്‍സാണ് നേടിയിട്ടുള്ളത്. വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ തിലക് വര്‍മ എകദിനത്തില്‍ തന്‍റെ അരങ്ങേറ്റത്തിനാണ് ഒരുങ്ങുന്നത്. ഏകദിനത്തില്‍ മികച്ച റെക്കോഡുണ്ടെങ്കിലും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണെ ഏഷ്യ കപ്പിന്‍റെ പ്രധാന സ്‌ക്വാഡിലേക്ക് പരിഗണിച്ചിട്ടില്ല.
അതേസമയം 2019 മുതല്‍ക്കുള്ള കണക്കെടുത്താല്‍ കെഎല്‍ രാഹുലാണ് നാലാം നമ്പറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. എന്നാല്‍ നിലവില്‍ പരിക്കിന്‍റെ ആശങ്കയിലാണ് 31-കാരന്‍. ചെറിയ പരിക്കുള്ള രാഹുല്‍ ഏഷ്യ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം കളിക്കില്ലെന്ന് സെലക്‌ഷന്‍ കമ്മിറ്റി അറിയിച്ചിരുന്നു.