ദുബായ്: ഏഷ്യ കപ്പ് മാമാങ്കം നാളെ (ഓഗസ്റ്റ് 27) യുഎഇയില്‍ ആരംഭിക്കുകയാണ്. 28-ാം തിയതി ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ടൂര്‍ണമെന്‍റില്‍ ഹാട്രിക് കിരീടമാണ് ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത്. യുഎഇയില്‍ ചില നിര്‍ണായക നേട്ടങ്ങളാണ് ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നത്.
ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞാല്‍ ലോകത്തെ ഒന്നാം നമ്പര്‍ ടി20 ബാറ്ററമെന്ന നേട്ടം സ്വന്തമാക്കാന്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് കഴിയും. നിലവില്‍ പാക് നായകന്‍ ബാബര്‍ അസമിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് സൂര്യകുമാര്‍ യാദവ്. ഇംഗ്ലണ്ടിനെതിരെ നോട്ടിങ്‌ഹാമില്‍ സെഞ്ച്വറി പ്രകടനം നടത്തിയതോടെ രോഹിത് ശർമ, കെഎൽ രാഹുൽ, സുരേഷ് റെയ്‌ന, ഹര്‍മന്‍പ്രീത് കൗര്‍, ദീപക് ഹൂഡ എന്നിവര്‍ക്ക് പിന്നാലെ അന്താരാഷ്‌ട്ര ടി20 സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാവാന്‍ സൂര്യകുമാറിന് കഴിഞ്ഞിരുന്നു.
ടി20 ക്രിക്കറ്റില്‍ തന്‍റെ അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തിയ സൂര്യകുമാര്‍ ഏഷ്യ കപ്പില്‍ ഇന്ത്യയ്‌ക്ക് നിര്‍ണായകമാവുമെന്ന് വിലയിരുത്തപ്പെടുന്ന താരമാണ്. ടൂര്‍ണമെന്‍റില്‍ 115 റണ്‍സ് നേടാനായാല്‍ ഫോര്‍മാറ്റില്‍ 5000 റണ്‍സ് തികയ്‌ക്കാന്‍ താരത്തിന് സാധിക്കും. സൂര്യകുമാറിനെ കൂടാതെ ഏഷ്യ കപ്പില്‍ നിര്‍ണായ നേട്ടത്തിനരികെയുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍ ഇവരാണ്.
രോഹിത് ശര്‍മ: ഏഷ്യ കപ്പില്‍ 1000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിന് അരികെയാണ് രോഹിത് ശര്‍മ. യുഎഇയില്‍ 117 റണ്‍സ് നേടാന്‍ കഴിഞ്ഞാല്‍ ഈ നിര്‍ണായക നാഴിക കല്ല് പിന്നിടാന്‍ രോഹിത്തിന് കഴിയും.
ഏഷ്യ കപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന റെക്കോഡും രോഹിത്തിന് മുന്നിലുണ്ട്. ആറ് സിക്‌സുകള്‍ നേടിയാല്‍ പ്രസ്‌തുത നേട്ടത്തില്‍ പാക് മുന്‍ താരം ഷാഹിദ് അഫ്രീദിയെ മറികടക്കാന്‍ രോഹിത്തിന് കഴിയും.
റിഷഭ് പന്ത്: അന്താരാഷ്‌ട്ര ടി20യില്‍ 1000 റണ്‍സ് തികയ്‌ക്കാന്‍ 117 റണ്‍സ് മാത്രമാണ് വിക്കറ്റ് കീപ്പറായ റിഷഭ് പന്തിന് വേണ്ടത്.
കെഎല്‍ രാഹുല്‍: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 2000 റണ്‍സ് തികയ്‌ക്കാന്‍ 335 റണ്‍സ് മാത്രമാണ് രാഹുലിന് വേണ്ടത്.
ഹാര്‍ദിക് പാണ്ഡ്യ: അന്താരാഷ്‌ട്ര ടി20യില്‍ 1000 റണ്‍സ് തികയ്‌ക്കാന്‍ 166 റണ്‍സ് മാത്രമാണ് ഹാര്‍ദികിന് വേണ്ടത്.
ദിനേശ് കാര്‍ത്തിക്: ടി20 ഫോര്‍മാറ്റില്‍ 7000 റണ്‍സ് തികയ്‌ക്കാന്‍ 154 റണ്‍സ് മാത്രമാണ് കാര്‍ത്തികിന് വേണ്ടത്. ഇത് നേടാന്‍ കഴിഞ്ഞാല്‍ രോഹിത് ശർമ, വിരാട് കോലി, സുരേഷ് റെയ്‌ന, എംഎസ് ധോണി, ശിഖർ ധവാൻ, റോബിൻ ഉത്തപ്പ എന്നിവർക്ക് ശേഷം ഈ നാഴികക്കല്ല് പിന്നിടുന്ന ഏഴാമത്തെ ഇന്ത്യൻ ബാറ്ററാകാന്‍ കാര്‍ത്തികിന് കഴിയും.
രവീന്ദ്ര ജഡേജ: യുഎഇയില്‍ ഒരു വിക്കറ്റ് നേടിയാല്‍ ഏഷ്യ കപ്പിൽ ഇന്ത്യയുടെ മുൻനിര വിക്കറ്റ് വേട്ടക്കാരനാവാന്‍ ജഡേജയ്‌ക്ക് കഴിയും. നിലവില്‍ 22 വിക്കറ്റുകളുമായി മുന്‍ താരം ഇർഫാൻ പത്താനൊപ്പം ഈ റെക്കോഡ് പങ്കിടുകയാണ് ജഡേജ.
ഇന്ത്യയുടെ മത്സരങ്ങള്‍: പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് പിന്നാലെ ഹോങ്കോങ്ങിനെതിരെയാണ് ഇന്ത്യ കളിക്കാനിറങ്ങുക. ഓഗസ്റ്റ് 31നാണ് ഈ മത്സരം. ദുബായിലാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ രണ്ട് മത്സരങ്ങളും നടക്കുന്നത്.
സെപ്‌റ്റംബര്‍ മൂന്ന് മുതല്‍ ഒമ്പത് വരെ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ നടക്കും. ഓരോ ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്നവരാണ് സൂപ്പര്‍ ഫോറിലെത്തുക. ഇവിടെ നാല് ടീമുകളും പരസ്‌പരം ഓരോ മത്സരങ്ങള്‍ വീതം കളിക്കും. തുടര്‍ന്ന് ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനലിലേക്ക് മുന്നേറും. 11ന് ഞായറാഴ്‌ച ഫൈനലും നടക്കും.
എവിടെ കാണാം: ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഏഷ്യ കപ്പിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാര്‍. ഡിസ്‌നി ഹോട്‌സ്റ്റാര്‍ വഴിയും മത്സരം സംപ്രേഷണം ചെയ്യും. എല്ലാ ദിവസവും ഇന്ത്യന്‍ സമയം രാത്രി ഏഴരയ്‌ക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക.
also read: Asia Cup: രാഹുലിനെ ഒഴിവാക്കി സഞ്‌ജുവിനെ എടുക്കാമായിരുന്നുവെന്ന് ഡാനിഷ് കനേരിയ