ദുബായ് : ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന് ഇന്ന് തുടക്കം. ഉദ്‌ഘാടന മത്സരത്തില്‍ ശ്രീലങ്കയും അഫ്‌ഗാനിസ്ഥാനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം.
നേരത്തെ ശ്രീലങ്കയിലാണ് നിശ്ചയിച്ചിരുന്നതെങ്കിലും രാജ്യത്തെ രാഷ്‌ട്രീയ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് ടൂര്‍ണമെന്‍റ് യുഎഇയിലേക്ക് മാറ്റിയത്. അഞ്ച് തവണ ഏഷ്യ കപ്പ് കിരീടം നേടാന്‍ ശ്രീലങ്കയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രഥമ കിരീടമാണ് അഫ്‌ഗാനിസ്ഥാന്‍ ലക്ഷ്യം വയ്‌ക്കുന്നത്.
ഇരുവരും തമ്മിലുള്ള മത്സരത്തില്‍ ലങ്കയ്‌ക്ക് മുന്‍തൂക്കമുണ്ട്. ഓസ്‌ട്രേലിയയ്‌ക്കും പാകിസ്ഥാനും എതിരെ മികവ് പുലര്‍ത്തിയാണ് ലങ്ക ടൂര്‍ണമെന്‍റിനെത്തുന്നത്. ദാസുൻ ഷനക നയിക്കുന്ന ടീമില്‍ കുശാല്‍ മെന്‍ഡിസ്, ഭാനുക രജപക്‌സ, ചരിത് അസലങ്ക, വാനിന്ദു ഹസരങ്ക, എന്നിവര്‍ നിര്‍ണായകമാവും.
മറുവശത്ത് അയര്‍ലന്‍ഡിന് എതിരായ ടി20 പരമ്പരയില്‍ തോല്‍വി വഴങ്ങിയാണ് അഫ്‌ഗാന്‍റെ വരവ്. ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാം റാങ്കുകാരനായ ക്യാപ്റ്റന്‍ മുഹമ്മദ് നബിയിലാണ് സംഘത്തിന്‍റെ പ്രതീക്ഷ. റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്‌മാന്‍, നവീന്‍ ഉള്‍ ഹഖ്, നജിബുള്ള സദ്രാന്‍ എന്നിവര്‍ നിര്‍ണായകമാവും.
അതേസമയം നാളെ പാകിസ്ഥാനെതിരെയാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുന്നത്. ടി20 ഫോര്‍മാറ്റില്‍ രണ്ട് ഗ്രൂപ്പുകളിലായി ആറ് ടീമുകളാണ് മത്സരിക്കുന്നത്. ടെസ്റ്റ് പദവിയുള്ള ഇന്ത്യ, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്ക് പുറമെ യോഗ്യതാമത്സരം കളിച്ചെത്തിയ ഹോങ്കോങ്ങുമാണ് ടൂര്‍ണമെന്‍റില്‍ പോരടിക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, ഹോങ്കോങ് എന്നീ ടീമുകള്‍ ഉള്‍പ്പെട്ടതാണ് ഗ്രൂപ്പ് ഒന്ന്.
ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ ഗ്രൂപ്പ് രണ്ടിന്‍റെ ഭാഗമാണ്. സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഒമ്പത് വരെ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ നടക്കും. ഓരോ ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്നവരാണ് സൂപ്പര്‍ ഫോറിലെത്തുക. ഇവിടെ നാല് ടീമുകളും പരസ്പരം ഓരോ മത്സരങ്ങള്‍ വീതം കളിക്കും. തുടര്‍ന്ന് ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനലിലേക്ക് മുന്നേറും. 11ന് ഞായറാഴ്‌ച ഫൈനലും നടക്കും.
also read: Asia Cup : സൂപ്പര്‍ താരം പുറത്ത്, ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ പ്രവചിച്ച് വസീം ജാഫര്‍
ശ്രീലങ്ക : ദാസുൻ ഷനക(സി), ധനുഷ്‌ക ഗുണതിലക, പാഥും നിസങ്ക, കുശാല്‍ മെന്‍ഡിസ്, ചരിത് അസലങ്ക, ഭാനുക രജപക്‌സ, അഷെന്‍ ബന്ദര, ധനഞ്ജയ ഡിസില്‍വ, വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ജെഫ്രി വാന്‍ഡെര്‍സെ, പ്രവീണ്‍ ജയവിക്രമ, ചാമിക കരുണരത്‌നെ, ദില്‍ഷന്‍ മധുഷങ്ക, മതീഷ് പതിരണ, നുവാനിന്ദു ഫെര്‍ണാണ്ടൊ, നുവാന്‍ തുഷാര, ദിനേശ് ചണ്ഡിമല്‍.
അഫ്‌ഗാനിസ്ഥാന്‍ : മുഹമ്മദ് നബി (ക്യാപ്റ്റന്‍), നജിബുള്ള സദ്രാന്‍, അഫ്‌സര്‍ സസായ്, അസ്‌മത്തുള്ള ഒമര്‍സായ്, ഫാരിദ് അഹമ്മദ് മാലിക്, ഫസല്‍ ഹഖ് ഫാറൂഖി, ഹഷ്മത്തുള്ള ഷാഹിദി, ഹസ്‌റത്തുള്ള സസായ്, ഇബ്രാഹിം സദ്രാന്‍, കരിം ജാനത്, മുജിബ് ഉര്‍ റഹ്‌മാന്‍, നജിബുള്ള സദ്രാന്‍, നവീന്‍ ഉള്‍ ഹഖ്, നൂര്‍ അഹമ്മദ്, റഹ്മനുള്ള ഗുര്‍ബസ്, റാഷിദ് ഖാന്‍, സമിയുള്ള ഷിന്‍വാരി.
എവിടെ കാണാം : ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഏഷ്യ കപ്പിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാര്‍. ഡിസ്‌നി ഹോട്‌സ്റ്റാര്‍ വഴിയും മത്സരം സംപ്രേഷണം ചെയ്യും. എല്ലാ ദിവസവും ഇന്ത്യന്‍സമയം രാത്രി ഏഴരയ്ക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക.