കൊല്‍ക്കത്ത: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടാന്‍ ഒരുങ്ങുകയാണ്. ഞായറാഴ്ച (28.08.22) ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് മത്സരം നടക്കുക. ചിരവൈരികളെന്ന് വിശേഷിപ്പിക്കുന്ന ഇരു ടീമുകളും തമ്മിലുള്ള മത്സരങ്ങള്‍ക്ക് തീവ്രമായ ഹൈപ്പാണുള്ളത്.
മത്സരത്തിന്‍റെ ഫലം ഇരു ടീമുകളേയും പിന്തുണയ്‌ക്കുന്നവർക്ക് ഏറെക്കുറെ അഭിമാന പ്രശ്‌നം കൂടിയാണെന്നിരിക്കെ കളിക്കാര്‍ക്കും സമ്മര്‍ദം വര്‍ധിക്കും. എന്നാല്‍ മറ്റേതൊരു ടീമിനേയും പൊലെ തന്നെയാണ് പാകിസ്ഥാനെതിരായ മത്സരമെന്ന് പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ അധ്യക്ഷനും മുന്‍ നായകനുമായ സൗരവ് ഗാംഗുലി. നോക്കൗട്ട് ഘട്ടങ്ങളില്‍ സമ്മര്‍ദമുണ്ടെങ്കിലും രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും അതു നന്നായി കൈകാര്യം ചെയ്യാന്‍ അറിയാമെന്നും ഗാംഗുലി പറഞ്ഞു.
"മറ്റേതിനേയും പോലെ സാധാരണമാണ് ഇന്ത്യ-പാക് മത്സരങ്ങള്‍. സ്ഥിരമായി കളിച്ചിരുന്നവരും, ഞാന്‍ കളിച്ചപ്പോഴും പാകിസ്ഥാനെതിരായ മത്സരങ്ങള്‍ പ്രത്യേകമായി എടുത്തിരുന്നില്ല. നോക്കൗട്ട് മത്സരങ്ങളിൽ അധിക സമ്മർദ്ദമുണ്ട്.
എന്നാല്‍ രോഹിത് ശർമ്മ, വിരാട് കോലി, കെഎൽ രാഹുൽ എന്നിവരെല്ലാം പരിചയ സമ്പന്നരായ താരങ്ങളാണ്. സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവർക്ക് നന്നായി അറിയാം. അവർക്ക് അതൊന്നും വലിയ കാര്യമല്ല". സൗരവ് ഗാംഗുലി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ഉടന്‍ തന്നെ ഫോമിലേക്ക് മടങ്ങിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. "വിരാട് വളരെ വലിയ കളിക്കാരനാണ്. റണ്ണെടുക്കാൻ അവന് സ്വന്തം ഫോർമുലയുണ്ട്. ഫോമിലേക്ക് ഉടൻ തന്നെ അവന്‍ മടങ്ങിയെത്തും. ഞങ്ങൾ എല്ലാവരും പ്രതീക്ഷയിലാണ്" അദ്ദേഹം പറഞ്ഞു.
ഇന്ത്യ മികച്ച ടീമാണെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. "ഇന്ത്യൻ ക്രിക്കറ്റ് എല്ലാ മേഖലകളിലും മികച്ച പ്രകടനമാണ് നടത്തുന്നത്. ഓസ്‌ട്രേലിയയിൽ ഇന്ത്യ വിജയിച്ചു, ഇംഗ്ലണ്ടിൽ ഇന്ത്യ വിജയിച്ചു, വെസ്റ്റ് ഇൻഡീസിൽ ഇന്ത്യ വിജയിച്ചു. വരുന്ന ലോകകപ്പിൽ ഇന്ത്യയും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" ഗാംഗുലി പറഞ്ഞു.
also read: Asia Cup: 'കണക്ക് തീര്‍ക്കാനുണ്ട്'; പാകിസ്ഥാനെതിരെ കളിക്കാന്‍ കാത്തിരിക്കുകയാണെന്ന് കെഎല്‍ രാഹുല്‍