ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ താരങ്ങള്‍ ഇറങ്ങുക കറുത്ത ആംബാന്‍ഡ് ധരിച്ച്. കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന രാജ്യത്തെ ജനങ്ങളോട് ഐക്യദാര്‍ഢ്യ പ്രഖ്യാപനമാണിതെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അറിയിച്ചു.
"രാജ്യത്തുടനീളമുള്ള പ്രളയബാധിതർക്ക് ഐക്യദാർഢ്യവും, പിന്തുണയും പ്രകടിപ്പിക്കുന്നതിനായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഏഷ്യ കപ്പിലെ അവരുടെ ആദ്യ മത്സരത്തിൽ കറുത്ത ബാൻഡ് ധരിക്കും", പിസിബിയുടെ പ്രസ്താവനയിൽ അറിയിച്ചു. ഒരു ദശാബ്‌ദത്തിനിടയിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെയാണ് പാകിസ്ഥാൻ നേരിടുന്നത്.
ജൂൺ 14 മുതൽ രാജ്യത്ത് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുറഞ്ഞത് 1,033 പേർ മരിക്കുകയും 1,527 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്‌തു. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
അതേസമയം ദുബായില്‍ രാത്രി ഏഴരയ്‌ക്കാണ് ഇന്ത്യ-പാക് മത്സരം നടക്കുക. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിന് ശേഷം ആദ്യമായാണ് ഇരു സംഘവും നേര്‍ക്കുനേരെത്തുന്നത്. ഏഷ്യ കപ്പിലെ മുന്‍ പോരാട്ടങ്ങളില്‍ ഇന്ത്യയ്‌ക്ക് ആധിപത്യമുണ്ട്. ടൂര്‍ണമെന്‍റില്‍ നേരത്തെ 14 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ എട്ട് തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു.
എവിടെ കാണാം : ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഏഷ്യ കപ്പിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാര്‍. ഡിസ്‌നി ഹോട്‌സ്റ്റാര്‍ വഴിയും മത്സരം സംപ്രേഷണം ചെയ്യും.
also read: Asia cup: പരീക്ഷണം തുടരും; പുതിയ ഉത്തരങ്ങൾ കണ്ടെത്തുന്നത് അവസാനിപ്പിക്കില്ല: രോഹിത് ശര്‍മ