ദുബായ് : ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറിലെ രണ്ടാം തോല്‍വി ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷ തുലാസിലാക്കുകയാണ്. ആദ്യ മത്സരത്തിൽ പാകിസ്ഥാനോടും രണ്ടാം മത്സരത്തില്‍ ശ്രീലങ്കയോടുമാണ് ഇന്ത്യ കീഴടങ്ങിയത്. സൂപ്പര്‍ ഫോറില്‍ ഇനി അഫ്‌ഗാനെതിരായ ഒരു മത്സരം മാത്രമാണ് ഇന്ത്യയ്‌ക്ക് ബാക്കിയുള്ളത്.
ഈ മത്സരത്തില്‍ ജയിച്ചാലും മറ്റ് ടീമുകളുടെ ജയ പരാജയവും കണക്കിലെ കളികളും മാത്രമാണ് ഇന്ത്യയ്‌ക്ക് പ്ലേ ഓഫിലേക്ക് നേരിയ സാധ്യത നല്‍കുന്നത്. കളിച്ച രണ്ടും ജയിച്ച ശ്രീലങ്ക ഫൈനല്‍ ഉറപ്പിച്ച് കഴിഞ്ഞു. ബാക്കിയുള്ള ഒരു സ്ഥാനത്തിനാണ് ഇന്ത്യ, പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍ എന്നിവര്‍ പ്രതീക്ഷ വയ്‌ക്കുന്നത്.
ഇന്ത്യ ഫൈനല്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇന്ന് നടക്കുന്ന പാകിസ്ഥാൻ-അഫ്‌ഗാനിസ്ഥാന്‍ മത്സരത്തോടെ തന്നെ തീരുമാനമുണ്ടാകും. പാകിസ്ഥാന്‍ ജയിച്ചാല്‍ അഫ്‌ഗാനോടൊപ്പം ഇന്ത്യയും പുറത്താകും. പാകിസ്ഥാന്‍ ഫൈനലിലെത്തുകയും ചെയ്യും. എന്നാല്‍ അഫ്‌ഗാന്‍ പാകിസ്ഥാനെ അട്ടിമറിച്ചാല്‍ ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷയ്ക്ക് വകയുണ്ട്.
നാളെ അഫ്‌ഗാനിസ്ഥാനെതിരെയാണ് ഇന്ത്യ അവസാന മത്സരത്തിനിറങ്ങുക. ഈ മത്സരം ഇന്ത്യ ജയിക്കുകയും, സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ലങ്ക പാകിസ്ഥാനെ തോല്‍പ്പിക്കുകയും വേണം. ഇതെല്ലാം സാധ്യമായാലും നെറ്റ് റൺറേറ്റിൽ അഫ്‌ഗാനെയും പാകിസ്ഥാനെയും മറികടക്കുകയെന്ന വലിയ കടമ്പയും ഇന്ത്യയ്‌ക്ക് മുന്നിലുണ്ട്.
അതേസമയം ഏഷ്യ കപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലങ്കയോട് ആറ് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സാണെടുത്തത്. മറുപടിക്കിറങ്ങിയ ലങ്ക 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 174 റണ്‍സെടുത്ത് വിജയം ഉറപ്പിച്ചു.