ഹെഡിങ്‌ലി: ആഷസ് (Ashes) പരമ്പരയിലെ മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനത്തില്‍ ലീഡ് പിടിക്കാന്‍ ആതിഥേയരായ ഇംഗ്ലണ്ട് (England) ഇറങ്ങും. 68-3 എന്ന നിലയിലാണ് ഇംഗ്ലീഷ് പട. നിലവില്‍ ഓസ്‌ട്രേലിയയുടെ (Australia) ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് 195 റണ്‍സ് പിന്നിലാണ് അവര്‍.
ജോ റൂട്ട് (19), ജോണി ബെയര്‍സ്റ്റോ (1) എന്നിവരാണ് ക്രീസില്‍. ഹെഡിങ്‌ലിയില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഓസ്‌ട്രേലിയയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ തന്നെ കങ്കാരുപ്പടയെ ഓള്‍ഔട്ടാക്കാന്‍ ഇംഗ്ലണ്ടിനായി.
60.4 ഓവറില്‍ 263 റണ്‍സിലാണ് ആതിഥേയര്‍ സന്ദര്‍ശകരെ എറിഞ്ഞൊതുക്കിയത്. 118 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷാണ് (Mitchell Marsh) ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയുടെ ടോപ് സ്കോറര്‍. തുടര്‍ന്ന് ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ഇന്നലെ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടു.
സ്‌കോര്‍ 18ല്‍ നില്‍ക്കെ ഇംഗ്ലണ്ട് നിരയില്‍ നിന്നും ബെന്‍ ഡക്കറ്റിനെയാണ് ഓസ്‌ട്രേലിയ ആദ്യം കൂടാരം കയറ്റിയത്. ആറ് പന്തില്‍ രണ്ട് റണ്‍സെടുത്ത ഡക്കറ്റിനെ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് (Pat Cummins) വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. പിന്നാലെയെത്തിയ ഹാരി ബ്രൂക്കും (Harry Brook) അതിവേഗം മടങ്ങി.
കമ്മിന്‍സ് തന്നെയാണ് ബ്രൂക്കിന്‍റെ വിക്കറ്റും സ്വന്തമാക്കിയത്. പുറത്താകുമ്പോള്‍ 11 പന്തില്‍ 3 റണ്‍സായിരുന്നു ബ്രൂക്കിന്‍റെ സമ്പാദ്യം. ആറാം ഓവറില്‍ സ്‌കോര്‍ 22ല്‍ നില്‍ക്കെയാണ് ബ്രൂക്കിനെ ഇംഗ്ലണ്ടിന് നഷ്‌ടപ്പെട്ടത്.
മൂന്നാം വിക്കറ്റില്‍ സാക് ക്രാവ്‌ലിയും ജോ റൂട്ടും (Joe Root) ചേര്‍ന്നാണ് പിന്നീട് ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 39 പന്തില്‍ 33 റണ്‍സ് നേടിയ സാക് ക്രാവ്‌ലിയെ മടക്കി മിച്ചല്‍ മാര്‍ഷാണ് ഓസീസിന് നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കിയത്.
മൂന്ന് വിക്കറ്റ് നഷ്‌ടപ്പെട്ടതോടെ ഇംഗ്ലണ്ട് സ്‌കോറിങ്ങിന്‍റെ വേഗത കുറച്ചു. 14-ാം ഓവറിലെ മൂന്നാം പന്തില്‍ സ്‌കോര്‍ 65ല്‍ നില്‍ക്കെയാണ് ക്രാവ്‌ലിയെ ആതിഥേയര്‍ക്ക് നഷ്‌ടമായത്. തുടര്‍ന്നുള്ള അഞ്ച് ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് റൂട്ടും ബെയര്‍സ്റ്റോയും (Jonny Bairstow) ചേര്‍ന്ന് നേടിയത്.
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഓസ്‌ട്രേലിയ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഡേവിഡ് വാര്‍ണറെ (4) അവര്‍ക്ക് നഷ്‌ടമായി. സ്റ്റുവര്‍ട്ട് ബ്രോഡ് (Stuart Broad) ആയിരുന്നു വാര്‍ണറെ തിരികെ പവലിയനിലെത്തിച്ചത്.
ഇംഗ്ലീഷ് ബൗളര്‍മാര്‍ കളം നിറഞ്ഞതോടെ ഓസീസ് ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചു. ഉസ്‌മാന്‍ ഖവാജ (13), മര്‍നസ് ലബുഷെയ്ന്‍ (21), സ്റ്റീവ് സ്‌മിത്ത് (22) എന്നിവര്‍ക്ക് മികവിലേക്ക് ഉയരാനായില്ല. ട്രാവിസ് ഹെഡ് 39 റണ്‍സ് മാത്രമാണ് നേടിയത്.
ആറാമനായി ക്രീസിലെത്തിയ മിച്ചല്‍ മാര്‍ഷായിരുന്നു വന്‍ തകര്‍ച്ചയിലേക്ക് പോകാതെ ഓസ്‌ട്രേലിയയെ രക്ഷിച്ചത്. 118 പന്ത് നേരിട്ടായിരുന്നു താരം അത്രയും റണ്‍സ് നേടിയത്. അലക്‌സ് കാരി (8), മിച്ചല്‍ സ്റ്റാര്‍ക്ക് (2), പാറ്റ് കമ്മിന്‍സ് (0), ടോഡ് മര്‍ഫി (13) എന്നിവരുടെ വിക്കറ്റുകളാണ് പിന്നീട് ഓസ്‌ട്രേലിയക്ക് നഷ്‌ടമായത്.
ഇംഗ്ലണ്ടിന് വേണ്ടി മാര്‍ക്ക് വുഡ് അഞ്ചും ക്രിസ് വോക്‌സ് മൂന്നും വിക്കറ്റ് നേടി. സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ട് വിക്കറ്റാണ് സ്വന്തമാക്കിയത്.
Also Read : 'സ്റ്റോക്‌സിന്‍റെ ആ കഴിവ് ധോണിയുടേതിന് സമം' ; താരതമ്യവുമായി റിക്കി പോണ്ടിങ്