പൂനെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ കളിക്കാതിരുന്ന പേസര്‍ അര്‍ഷ്‌ദീപ് സിങ് രണ്ടാം ടി20യിലൂടെയാണ് പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ തന്‍റെ മികച്ച പ്രകടനം നടത്താന്‍ അര്‍ഷ്‌ദീപിന് കഴിഞ്ഞിരുന്നില്ല. ലങ്കന്‍ ഇന്നിങ്‌സില്‍ ആകെ ഏഴ് നോബോളുകളുണ്ടായപ്പോള്‍ അതില്‍ അഞ്ചും എറിഞ്ഞത് പേസര്‍ അര്‍ഷ്‌ദീപായിരുന്നു.
തന്‍റെ ആദ്യ ഓവറില്‍ തുടര്‍ച്ചയായി മൂന്ന് നോബോളുകളാണ് 23കാരന്‍ എറിഞ്ഞത്. ഇതോടെ ചില മോശം റെക്കോഡുകളും അര്‍ഷ്‌ദീപിന്‍റെ തലയിലായി. അന്താരാഷ്‌ട്ര ടി20യില്‍ ഹാട്രിക് നോബോളുകള്‍ എറിയുന്ന ആദ്യ ഇന്ത്യന്‍ താരമാണ് അര്‍ഷ്‌ദീപ്. കൂടാതെ ന്യൂസിലന്‍ഡിന്‍റെ ഹാമിഷ് റൂഥർഫോർഡിന് ശേഷം ഒരു ടി20യിൽ അഞ്ച് നോ ബോൾ എറിയുന്ന ടെസ്റ്റ് പദവിയുള്ള രാജ്യത്തിൽ നിന്നുള്ള രണ്ടാമത്തെ ബോളറായും അര്‍ഷ്‌ദീപ് മാറി.
അന്താരാഷ്‌ട്ര ടി20 കരിയറില്‍ ഇതുവരെ 14 നോബോളുകളാണ് അര്‍ഷ്‌ദീപ് എറിഞ്ഞിട്ടുള്ളത്. ലങ്കയ്‌ക്ക് എതിരെ രണ്ട് ഓവര്‍ മാത്രം എറിഞ്ഞ അര്‍ഷ്‌ദീപ് 37 റണ്‍സും വഴങ്ങിയിരുന്നു. അതേസമയം മത്സരത്തില്‍ ഇന്ത്യ 16 റണ്‍സിന് തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ലങ്ക നേടിയ 206 റൺസ് പിന്തുടർന്ന ഇന്ത്യക്ക് 190 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
അര്‍ധ സെഞ്ചുറിയുമായി അക്‌സർ പട്ടേൽ(65), സൂര്യകുമാർ യാദവ്(51) എന്നിവർ പൊരുതിയെങ്കിലും ലക്ഷ്യം അകന്ന് നിന്നു. ബോളുകൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയ ലങ്കന്‍ നായകന്‍ ദാസുന്‍ ഷനകയാണ് ലങ്കയുടെ വിജയശില്‍പി. 22 പന്തില്‍ 56 റണ്‍സ് നേടിയ താരം ഒരു ഓവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളും വീഴ്‌ത്തിയിരുന്നു.
വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ലങ്ക ഇന്ത്യയ്‌ക്ക് ഒപ്പമെത്തി. മുംബൈയില്‍ നടന്ന ആദ്യ ടി20യില്‍ രണ്ട് റണ്‍സിന് ഇന്ത്യ ജയം നേടിയിരുന്നു. ഇതോടെ നാളെ നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് പരമ്പര സ്വന്തമാക്കാം. സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മൂന്നാം ടി20.
also read: പൊരുതിയത് അക്‌സറും സൂര്യയും മാത്രം ; രണ്ടാം ടി20യിൽ ഇന്ത്യക്ക് 16 റണ്‍സിന്‍റെ തോൽവി