മുംബൈ : ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി-20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനായി തിളങ്ങിയ ഇടംകൈയന്‍ പേസര്‍ അര്‍ഷ്‌ദീപ് സിങ്ങ് ഇടം നേടിയിരുന്നു. ഇന്ത്യൻ ടീമിലേക്കുള്ള ആദ്യ വിളിയെത്തിയതിൽ സന്തോഷമുണ്ടെന്നും വമ്പനടിക്കാരായ ബാറ്റർമാർക്കെതിരെ നെറ്റ്‌സിൽ പന്തെറിഞ്ഞത് തന്‍റെ യോർക്കറുകൾ മികച്ചതാക്കാൻ സഹായിച്ചെന്നും അർഷ്‌ദീപ് സിങ് പറഞ്ഞു.
വിക്കറ്റ് വേട്ടയിൽ മുന്നിലല്ലെങ്കിലും വൈഡ് യോർക്കറുകളും ബാറ്റർമാർ പ്രതിരോധിക്കാൻ ഏറെ പാടുപെടുന്ന ബ്ലോക് ഹോൾ ഡെലിവറികളും എറിയുന്നതിൽ അതിവിദഗ്‌ധനാണ് യുവപേസർ. 'ഇന്ത്യൻ ടീമിലേക്ക് തന്നെ തിരഞ്ഞെടുത്തുവെന്ന് മത്സരത്തിന് തൊട്ടുമുമ്പ് അറിഞ്ഞു. മത്സരം നടക്കുന്നതിനാൽ തനിക്ക് കാര്യമായൊന്നും തോന്നിയില്ല,ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്സിന്‍റെ അഞ്ച് വിക്കറ്റ് വിജയത്തിന് ശേഷം സഹതാരം ഹർപ്രീത് ബ്രറിനോട് അർഷ്‌ദീപ് പറഞ്ഞു.
കഴിഞ്ഞ വർഷം ശ്രീലങ്കയ്‌ക്കെതിരായ എവേ പരമ്പരയിൽ ഇന്ത്യൻ ടീമിന്‍റെ നെറ്റ് ബോളറായിരുന്ന യുവതാരം, പഞ്ചാബ് കിങ്‌സ് നെറ്റ്‌സ് സെഷനിൽ ജോണി ബെയർസ്റ്റോ, ശിഖർ ധവാൻ, ലിയാം ലിവിംഗ്‌സ്റ്റൺ എന്നിവരുൾപ്പടെയുള്ള ലോകോത്തര ബാറ്റർമാർക്കെതിരെ പന്തെറിഞ്ഞത് തന്നെ സഹായിച്ചതായും പറഞ്ഞു.
മികച്ച വെടിക്കെട്ട് ബാറ്റർമാരെ ടീമിൽ എത്തിച്ചതിന്‍റെ ക്രെഡിറ്റ് മാനേജ്‌മെന്‍റിനാണ്. അവരെ നെറ്റ്‌സിൽ തടയാനുള്ള ഏക പോംവഴി യോർക്കറുകൾ എറിയുക എന്നതായിരുന്നു. അത് യോർക്കർ എറിയാനുള്ള തന്‍റെ കഴിവ് മെച്ചപ്പെടുത്തി' - താരം കൂട്ടിച്ചേർത്തു.
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ 14 മത്സരങ്ങളില്‍ 10 വിക്കറ്റാണ് അര്‍ഷ്‌ദീപ് സിങ്ങിന്‍റെ സമ്പാദ്യം. ഡെത്ത് ഓവറുകളില്‍ സ്ഥിരമായി പന്തെറിയുന്ന താരം 7.91 ഇക്കോണമി മാത്രമാണ് വഴങ്ങിയത്. കുറഞ്ഞത് 60 പന്തെങ്കിലുമെറിഞ്ഞ പേസര്‍മാരില്‍ മികച്ച രണ്ടാമത്തെ ഇക്കോണമിയാണിത്.
ജസ്‌പ്രീത് ബുമ്ര (7.66) മാത്രമേ അര്‍ഷ്‌ദീപിന് മുന്നിലുള്ളൂ. ഇത്തവണ മെഗാതാരലേലത്തിന് മുമ്പ് ടീമുകള്‍ നിലനിര്‍ത്തിയ അപൂര്‍വം അണ്‍ക്യാപ്‌ഡ് താരങ്ങളിലൊരാളാണ് അര്‍ഷ്‌ദീപ്. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ 8.27 ഇക്കോണമിയില്‍ 18 വിക്കറ്റാണ് താരം വീഴ്‌ത്തിയത്. 19 ആയിരുന്നു ബൗളിംഗ് ശരാശരി.