ന്യൂഡൽഹി: ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ മുംബൈ വിടാൻ ഒരുങ്ങുന്നു. അടുത്ത ആഭ്യന്തര സീസണിൽ താരം ഗോവയ്ക്കു വേണ്ടി കളിക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. അർജുൻ മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റിന് (എൻഒസി) അപേക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം.
മുംബൈയുടെ ഇടംകൈയ്യൻ പേസറായ അർജുൻ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ 2020-21 സീസണിൽ ഹരിയാനയ്‌ക്കെതിരെയും പുതുച്ചേരിക്കെതിരെയും രണ്ട് മത്സരങ്ങൾ കളിച്ചിരുന്നു. ഐപിഎൽ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസിന്‍റെ ഭാഗമാണ് 22 കാരനായ അർജുൻ. എന്നാൽ സീസണിൽ താരത്തിന് ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.
അർജുനന്‍റെ കരിയറിന്‍റെ ഈ ഘട്ടത്തിൽ ഗ്രൗണ്ടിൽ പരമാവധി കളി സമയം ലഭിക്കുക എന്നത് പ്രധാനമാണ്. അവൻ തന്‍റെ ക്രിക്കറ്റ് കരിയറിന്‍റെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിലൂടെ കൂടുതൽ മത്സരങ്ങളിൽ കളിക്കാനുള്ള സാധ്യത വർധിക്കും എന്നാണ് ഞങ്ങളുടെ വിശ്വാസം. എസ്ആർടി സ്‌പോർട്‌സ് മാനേജ്‌മെന്‍റ് പ്രസ്താവനയിൽ പറഞ്ഞു.
ഞങ്ങൾ ഇടംകൈയ്യൻ ബോളർമാർക്കായി കാത്തിരിക്കുകയാണ്. കഴിവുകളുള്ള ഒന്നിലധികം താരങ്ങളെ ഞങ്ങൾ മധ്യ നിരയിലേക്ക് ചേർക്കും. ഈ സാഹചര്യത്തിൽ ഞങ്ങൾ അർജുൻ ടെൻഡുൽക്കറെ ഗോവ ടീമിലേക്ക് ക്ഷണിച്ചു. പ്രീ-സീസൺ ട്രയൽ മത്സരങ്ങളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാകും അവനെ സെലക്‌ടർമാർ വിളിക്കുക. ഗോവ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് സൂരജ് ലോട്ട്‌ലിക്കർ പറഞ്ഞു.
കഴിഞ്ഞ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിലേക്ക് തെരഞ്ഞെടുത്തിരുന്നുവെങ്കിലും ഒറ്റ മത്സരത്തിൽ പോലും അർജുന് അവസരം ലഭിച്ചിരുന്നില്ല. പുതുമുഖങ്ങളായ കുമാർ കാർത്തികേയ, അൻമോൽപ്രീത് സിംഗ്, രമൺദീപ് സിംഗ്, ഡെവാൾഡ് ബ്രെവിസ് എന്നിവരെല്ലാം ടീമിൽ അരങ്ങേറ്റം കുറിച്ചപ്പോഴും അർജുനെ ടീം മാനേജ്‌മെന്‍റ് പുറത്തിരുത്തുകയായിരുന്നു.