ലണ്ടന്‍ : തുടര്‍പരിക്കുകളില്‍ വലയുന്ന ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആർച്ചര്‍ വെള്ളിയാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാകും. വലത് കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തുന്നത്. ഈ വര്‍ഷം രണ്ടാം തവണയാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ വിരലില്‍ ചില്ല് കൊണ്ടതിനെ തുടര്‍ന്നായിരുന്നു നേരത്തെ ശസ്ത്രക്രിയ നടത്തിയത്.
also read: ആര്‍ച്ചറിന്‍റെ ആവര്‍ത്തിച്ചുള്ള പരിക്ക് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി: നാസർ ഹുസൈൻ
കഴിഞ്ഞയാഴ്ച ആഭ്യന്തര ചാമ്പ്യൻഷിപ്പിനിറങ്ങിയ താരത്തിന് കെെമുട്ടിന്‍റെ വേദനയെ തുടര്‍ന്ന് അവസാന മത്സരങ്ങളില്‍ പന്തെറിയാനായിരുന്നില്ല. ഇതിന് പിന്നാലെ വിദഗ്ധ സംഘം നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ശസ്ത്രക്രിയ നിര്‍ദേശിച്ചത്. ഇംഗ്ലണ്ട്, വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
വീണ്ടും പരിക്കിന്‍റെ പിടിയിലായതോടെ ന്യൂസിലൻഡിനെതിരായി നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ നിന്നും ആർച്ചറെ ഒഴിവാക്കിയതായി ഇസിബി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം ആർച്ചറിന്‍റെ ആവർത്തിച്ചുള്ള പരിക്ക് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണെന്ന് മുന്‍ ക്യാപ്റ്റന്‍ നാസർ ഹുസൈൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.