ലണ്ടന്‍ : ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ഷീറോ അനിയ ഷ്രുബ്‌സോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 14 വര്‍ഷം നീണ്ട അന്താരാഷ്‌ട്ര കരിയറിനാണ് 30കാരിയായ താരം അന്ത്യം കുറിക്കുന്നത്. ഇംഗ്ലണ്ടിനായി 173 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നും 227 വിക്കറ്റുകള്‍ നേടാന്‍ താരത്തിനായി.
അന്താരാഷ്‌ട്ര കരിയര്‍ അവസാനിപ്പിച്ചെങ്കിലും ആഭ്യന്തര മത്സരങ്ങളില്‍ അനിയ കളിക്കും. 2017ലെ വനിത ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ ആറ് വിക്കറ്റിന് സ്വന്തം മണ്ണില്‍ ഇംഗ്ലണ്ട് കീഴടക്കിയപ്പോള്‍ ആറ് വിക്കറ്റുകള്‍ നേടി നിര്‍ണായകമാവാന്‍ അനിയയ്‌ക്കായി. ഇതടക്കം ഇംഗ്ലണ്ടിന്‍റെ രണ്ട് ലോകകപ്പ് നേട്ടത്തില്‍ താരം ഭാഗമായിട്ടുണ്ട്.
ഇംഗ്ലണ്ടിനൊപ്പം രണ്ട് തവണ ആഷസ് കിരീടം നേടാനും അനിയയ്‌ക്ക് കഴിഞ്ഞു. ടി20യില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ അനിയ, ഏകദിന ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്‍റെ എക്കാലത്തേയും വിക്കറ്റ് വേട്ടക്കാരില്‍ നാലാം സ്ഥാനക്കാരിയാണ്.
പിന്മാറേണ്ട സമയമാണിത് : കഴിഞ്ഞ 14 വർഷമായി രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നതായി ഷ്രുബ്‌സോൾ പറഞ്ഞു. വനിത ക്രിക്കറ്റിന്‍റെ വളര്‍ച്ചയുടെ സമയത്ത് അതിന്‍റെ ഭാഗമാവാന്‍ കഴിഞ്ഞത് ബഹുമതിയാണ്. പിടിച്ചുനിൽക്കാൻ കഴിയുന്നതിനേക്കാൾ വേഗത്തിൽ അത് മുന്നോട്ട് പോകുന്നുവെന്ന് വ്യക്തമായി, അതിനാൽ പിന്മാറേണ്ട സമയമാണിത്.
ഇത്രയും കാലം ഇംഗ്ലണ്ടിനായി കളിക്കാൻ ഭാഗ്യമുണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരു കളിയിൽ ഞാൻ സന്തുഷ്ടനാകുമായിരുന്നു. വഴിയിൽ നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്, പക്ഷേ അതെല്ലാം മൂല്യവത്താണെന്നും താരം കൂട്ടിച്ചേര്‍ത്തു.