സിഡ്‌നി: ശനിയാഴ്ച രാത്രി ക്വീന്‍സ്‌ലാന്‍ഡിലുണ്ടായ കാര്‍ അപകടത്തിലാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമൺസ് വിടപറഞ്ഞത്. ആലിസ് റിവർ ബ്രിഡ്‌ജിന് സമീപം ഹെർവി റേഞ്ച് റോഡില്‍ കാര്‍ അപകടത്തില്‍ പെടുമ്പോള്‍ രണ്ട് വളർത്തുനായ്ക്കളും താരത്തോടൊപ്പമുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ യുവതി പറഞ്ഞു.
സൈമൺസിനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തുന്നതിനിടെ വളര്‍ത്തുനായ്‌ക്കളില്‍ ഒന്ന് താരത്തെ വിട്ട് പോകാന്‍ തയ്യാറായിരുന്നില്ലും അവര്‍ പറഞ്ഞു. ''ഞങ്ങൾ അവിടെ എത്തിയപ്പോൾ തലകീഴായിക്കിടക്കുന്ന കാറില്‍ ഒരു മനുഷ്യനെ കാണാമായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് വളര്‍ത്ത് നായ്‌ക്കള്‍ എങ്ങനേയോ രക്ഷപ്പെട്ടിരുന്നു.
അവരിൽ ഒരാൾ (നായ) വളരെ സെൻസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ വിട്ട് പോകാന്‍ അതു തയ്യാറായിരുന്നില്ല. ഞങ്ങൾ അദ്ദേഹത്തെ ചലിപ്പിക്കാനോ, അടുത്തേക്ക് പോകാനോ ശ്രമിക്കുമ്പോഴെല്ലാം അത് ഞങ്ങള്‍ക്ക് നേരെ മുരളുകയായിരുന്നു. ഓരോ തവണ മാറ്റുമ്പോഴും കുതറിയോടി വീണ്ടും അടുത്ത് ചെന്നിരിക്കും'' യുവതി പറഞ്ഞു.
സംഭവസ്ഥലത്തുവച്ചു തന്നെ താരം മരണത്തിന് കീഴടങ്ങിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റോയ് എന്ന് സഹതാരങ്ങള്‍ വിളിച്ചിരുന്ന സൈമണ്ട്‌സ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കണ്ട മികച്ച ഓള്‍റൗണ്ടറാണ്. 1999നും 2007 നും ഇടയിൽ ലോകത്ത് അപ്രമാദിത്യം സ്ഥാപിച്ച ഓസ്‌ട്രേലിയയുടെ വൈറ്റ്-ബോൾ ടീമില്‍ സുപ്രധാന താരമായിരുന്നു.
2003, 2007 വര്‍ഷങ്ങളില്‍ ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമിലെ പ്രധാന താരമായിരുന്നു അദ്ദേഹം. ഓസ്‌ട്രേലിയക്കായി 1998ലാണ് അദ്ദേഹം ഏകദിന അരങ്ങേറ്റം കുറിച്ചത്. 198 ഏകദിന മത്സങ്ങളില്‍ നിന്ന് ആറ് സെഞ്ചുറികളും 30 അര്‍ധ സെഞ്ചുറികളുമുള്‍പ്പടെ 5,088 റണ്‍സും 133 വിക്കറ്റുകളും സൈമണ്ട്‌സ് നേടിയിട്ടുണ്ട്.
also read: ആരാധകർ ഒരിക്കലും മറക്കാത്ത ആൻഡ്രൂ സൈമണ്ട്‌സ് ഉൾപ്പെട്ട അഞ്ച് വിവാദങ്ങൾ
തുടര്‍ന്ന് 2004ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം 26 ടെസ്റ്റുകളില്‍ നിന്നും രണ്ട് സെഞ്ചുറികളും 10 അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെ 1462 റണ്‍സും 24 വിക്കറ്റുകളും സ്വന്തമാക്കി. 14 ടി20 മത്സരങ്ങളിലും അദ്ദേഹം ഓസ്‌ട്രേലിയക്കായി പാഡണിഞ്ഞു.