ഹൈദരാബാദ് : 'കളിക്കളത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല, ഇതാണ് അവസാന മത്സരം' - ഐപിഎല്‍ (IPL) പതിനാറാം പതിപ്പിന്‍റെ കലാശപ്പോരാട്ടത്തിന് മുന്‍പായി ചെന്നൈ സൂപ്പര്‍ കിങ്‌സ് മധ്യനിര താരം അമ്പാട്ടി റായുഡു (Ambati Rayudu) ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് നേരത്തേ വിരമിച്ച താരം ആ സമയത്ത് തന്നെ ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതായിരുന്നു. എന്നാല്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ് (Chennai Super Kings) മാനേജ്‌മെന്‍റിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് താരം വീണ്ടും ടീമിനൊപ്പം കളിച്ചത്. പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ അഞ്ചാം കിരീട നേട്ടവും ആഘോഷിച്ചാണ് താരം ടീമിന്‍റെ മഞ്ഞ ജഴ്‌സിയഴിച്ചത്.
ഐപിഎല്ലിലേക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് മടങ്ങിയെത്തിയ 2018 സീസണില്‍ ചാമ്പ്യന്‍മാരായ ചെന്നൈക്കായി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമായിരുന്നു അമ്പാട്ടി റായുഡു പുറത്തെടുത്തത്. പിന്നാലെ, തൊട്ടടുത്ത വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ റായുഡു ഇന്ത്യന്‍ ടീമിലേക്കെത്തുമെന്ന പ്രവചനവുമായി പലരും രംഗത്തെത്തി. റായുഡുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ ടീമിന്‍റെ മധ്യനിര കൂടുതല്‍ ശക്തമാകും എന്നായിരുന്നു പലരുടെയും അഭിപ്രായം.
എന്നാല്‍, ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ റായുഡുവിന് ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞില്ല. റായുഡുവിന് പകരം ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ആയിരുന്നു സെലക്‌ടര്‍മാര്‍ ടീമിലേക്ക് പരിഗണിച്ചത്. ലോകകപ്പിന് മുന്നോടിയായി നടന്ന ചില മത്സരങ്ങളിലെ പ്രകടനങ്ങളുടെ പേരിലായിരുന്നു റായുഡുവിന് ടീമിലെ സ്ഥാനം നഷ്‌ടമായത്.
ഇതിന് പിന്നാലെ ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. 2019 ഏകദിന ലോകകപ്പില്‍ (ODI World Cup 2019) ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്ന റായുഡു പിന്നീട് ഒരു മത്സരം പോലും ടീമിനായി കളിച്ചില്ല. എന്നാല്‍, ഇപ്പോള്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അന്നത്തെ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റായുഡു.ഒരു തെലുഗു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആ സമയത്തെ തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ച് മുന്‍ താരം തുറന്നുപറഞ്ഞത്.
'എല്ലാവര്‍ക്കും ഇന്ത്യ ജയിക്കണം എന്നാണ് ആഗ്രഹം. അവര്‍ അജിങ്ക്യ രഹാനെയെപ്പോലെയോ അല്ലെങ്കില്‍ സമാനമായ രീതിയില്‍ കളിക്കുന്ന ഒരു സീനിയര്‍ താരത്തേയോ ടീമിലേക്കെടുത്താല്‍ അത് മനസിലാക്കാം. അവര്‍ക്ക് മാത്രം അറിയുന്ന ഒരു കാര്യം.
ആ കാരണം മാത്രം കൊണ്ടാണ് എന്നെ അവര്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത്. എനിക്ക് പകരം മറ്റൊരാളെ എടുക്കുമ്പോള്‍ അത് ടീമിനും കൂടി സഹായമാകണം. ആ കാര്യത്തില്‍ മാത്രമാണ് എനിക്ക് ദേഷ്യം.
വിജയ് ശങ്കറിനോട് (Vijay Shankar) എനിക്ക് യാതൊരു പരിഭവവുമില്ല. അദ്ദേഹം അയാളുടെ രീതിയില്‍ കളിച്ചു. അവര്‍ എന്നെ ഒഴിവാക്കാന്‍ തെരഞ്ഞെടുത്ത കാരണവും ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്‍റിന് ഒരുങ്ങിയ രീതി കണ്ടുമാണ് എനിക്ക് കൂടുതല്‍ സങ്കടം തോന്നിയത്.
പിന്നീട് പലരും വിജയ് ശങ്കറിന്‍റെ പിന്നാലെ ആയിരുന്നു. പല ആളുകളും അദ്ദേഹത്തെ ട്രോളി. എനിക്ക് അതുപോലുള്ള ഉദ്ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല. എനിക്ക് പകരം, മറ്റൊരാളെ ഉള്‍പ്പെടുത്താന്‍ ആണ് തീരുമാനിച്ചിരുന്നതെങ്കില്‍, സമാനമായ ഒരു താരത്തെയായിരുന്നു അവര്‍ തെരഞ്ഞെടുക്കേണ്ടിയിരുന്നത്. 6, 7 നമ്പറുകളില്‍ ബാറ്റ് ചെയ്യാനെത്തുന്ന ഒരാളെയാണ് നിങ്ങള്‍ക്ക് പകരക്കാരനാക്കാന്‍ കഴിയുക' - അമ്പാട്ടി റായുഡു വ്യക്തമാക്കി.