വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര 1-0ത്തിന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. വിസ്‌ഡര്‍പാര്‍ക്കില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 141 റണ്‍സിനും വിജയിച്ചിരുന്നു. പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ മഴയും കളിക്കാന്‍ ഇറങ്ങിയതോടെയാണ് ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കി മത്സരം സമനിലയില്‍ ആക്കിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഫോം തെളിയിച്ചത് ഇന്ത്യയ്‌ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
എന്നാല്‍ ടീമില്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ സ്ഥാനം വീണ്ടും ചോദ്യചിഹ്നമായിരിക്കുകയാണ്. രണ്ട് ടെസ്റ്റുകളിലുമായി കളിച്ച രണ്ട് ഇന്നിങ്‌സുകളിലായി വെറും 11 റണ്‍സ് മാത്രമാണ് 35-കാരനായ രഹാനെയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. നേരത്തെ മോശം പ്രകടനത്താല്‍ ഇന്ത്യന്‍ ടീമില്‍ നിന്നും രഹാനെയ്‌ക്ക് പുറത്ത് പോവേണ്ടി വന്നിരുന്നു.
തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും നടത്തിയ മിന്നും പ്രകടനമാണ് താരത്തിന് ഇന്ത്യന്‍ ടീമില്‍ വീണ്ടും ഇടം നേടിക്കൊടുത്തത്. 18 മാസങ്ങള്‍ പുറത്തിരുന്നതിന് ശേഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോലെ ഏറെ നിര്‍ണായക മത്സരത്തിലൂടെയാണ് രഹാനെ ഇന്ത്യന്‍ ടീമില്‍ തന്‍റെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചത്. ഓവലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം നടത്താന്‍ താരത്തിന് കഴിഞ്ഞിരുന്നു.
സഹ ബാറ്റര്‍മാര്‍ പിടിച്ച് നില്‍ക്കാന്‍ പാടുപെട്ടപ്പോള്‍ പൊരുതി നിന്ന രഹാനെ തന്‍റെ തിരിച്ചുവരവ് അവിസ്മരണീയമാക്കുകയും ചെയ്‌തു. ഇതോടെയാണ് ക്യാപ്റ്റനെന്ന നിലയിലുള്ള താരത്തിന്‍റെ മുൻകാല അനുഭവങ്ങള്‍ കൂടെ കണക്കിലെടുത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ രഹാനെയെ വൈസ് ക്യാപ്റ്റനാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനത്തിന് ശേഷം, ടീമില്‍ കാര്യമായ അഴിച്ചുപണിയോടെയിരുന്നു പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്.
വെറ്ററന്‍ താരം ചേതേശ്വര്‍ പുജാരയെ ഒഴിവാക്കുകയും യുവ താരങ്ങളായ യശ്വസി ജയ്‌സ്വാള്‍, റിതുരാജ് ഗെയ്‌ക്‌വാദ് തുടങ്ങിയവര്‍ക്ക് അവസരം നല്‍കുകയും ചെയ്‌ത തീരുമാനം ഇതിന്‍റെ ഭാഗമായിരുന്നു. ഇടക്കാല അധ്യക്ഷനായിരുന്ന ശിവ് സുന്ദർ ദാസിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുതായിരുന്നു പ്രസ്‌തുത നടപടി. ഇതോടെ വിന്‍ഡീസിനെതിരെ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ രഹാനെയ്‌ക്ക് പുറത്തേക്കുള്ള വാതില്‍ തുറക്കുമെന്ന സംസാരവും വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.
ആദ്യ ടെസ്റ്റില്‍ കളിച്ച ഒരു ഇന്നിങ്‌സില്‍ എട്ട് റണ്‍സ് മാത്രം നേടിയ രഹാനെ രണ്ടാം ടെസ്റ്റില്‍ മൂന്ന് റണ്‍സിനാണ് പുറത്തായത്. ഇതു ആരാധകരെ നിരാശരാക്കുന്നതിനപ്പുറം താരത്തിന്‍റെ ഫോമിനെക്കുറിച്ചും ടീമിന് സ്ഥിരമായി സംഭാവന ചെയ്യാനുള്ള കഴിവിനെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നതാണ്. നിലവില്‍ താരത്തെ പിന്തുണച്ചുകൊണ്ടാണ് ഇന്ത്യയുടെ ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് സംസാരിച്ചത്.
ഈ വര്‍ഷം അവസാനത്തില്‍ ഇന്ത്യ വീണ്ടും ടെസ്റ്റ് കളിക്കാനിറങ്ങുമ്പോള്‍ രഹാനെ ഉണ്ടാവുമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ താരത്തിന്‍റെ കരിയറിന് ഇനി ആയുസെത്രയെന്ന ചോദ്യം പ്രസക്തമാണ്. ഡിസംബറിലാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം നടക്കുന്നത്. നിലവില്‍ ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളില്‍ പുറത്തുള്ള താരത്തിന് ഇക്കാലയളവില്‍ ഒരു മത്സരം പോലും കളിക്കാന്‍ കഴിയില്ല. കൂടാതെ പരിക്കേറ്റ് നിലവില്‍ ടീമില്‍ നിന്നും പുറത്തായ ശ്രേയസ് അയ്യരും കെഎല്‍ രാഹുലും ടീമിലേക്ക് മടങ്ങി എത്തുകയും ചെയ്യും.
ഇതിനപ്പുറം ഫസ്റ്റ് ക്രിക്കറ്റിലെ ശ്രദ്ധേയമായ പ്രകടനത്തോടെ റിതുരാജ് ഗെയ്‌ക്‌വാദും ഇഷാൻ കിഷനും ഇതിനകം തന്നെ ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ തുടര്‍ച്ചയായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന സർഫറാസ് ഖാനും അഭിമന്യു ഈശ്വരനും ഇപ്പോഴും പുറത്താണ്. ഇതോടെ മുംബൈ ടീമില്‍ സഹതാരമായിരുന്ന അജിത് അഗാർക്കറിന്‍റെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കറ്റി എത്രകാലം രഹാനെയെ പിന്തുണയ്‌ക്കുന്ന് കാത്തിരുന്ന് കണ്ടേ മതിയാവൂ.
രഹാനയെ വീണ്ടും വൈസ് ക്യാപ്റ്റന്‍റെ ചുമതല ഏല്‍പ്പിച്ച തീരുമാനത്തിനെതിരെ നേരത്തെ തന്നെ ചോദ്യങ്ങളുയര്‍ന്നിരുന്നു. അജിങ്ക്യ രഹാനെ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ സ്ഥാനം നേടിയതിന് പിന്നിലെ 'യുക്തി' തനിക്ക് മനസിലാകുന്നില്ലെന്നായിരുന്നു ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി പ്രതികരിച്ചത്. സെലക്ഷൻ പ്രക്രിയയിൽ സ്ഥിരതയും തുടർച്ചയും വേണം. നിലവിലെ നടപടി പിന്നോട്ടുള്ള ഒരു ചുവടുവയ്‌പ്പാണെന്ന് പറയുന്നില്ലെങ്കിലും ഭാവിയിലേക്കുള്ള നീക്കമല്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.
ALSO READ: ODI World Cup | "ലോകകപ്പിനുള്ള ഇന്ത്യൻ ടീമായി", വസിം ജാഫറിന്‍റെ ടീമില്‍ നിറയെ സർപ്രൈസ്