മുംബൈ: കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുമ്പോള്‍ കാണികളില്‍ നിന്നും നിരന്തരം വംശീയ അധിക്ഷേപങ്ങള്‍ നേരിടേണ്ടിവന്നതായി ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ. സിഡ്‌നിയിലാണ് വംശീയ അധിക്ഷേപങ്ങള്‍ കൂടുതല്‍ നേരിട്ടതെന്നും ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്ന രഹാനെ പറഞ്ഞു. ഇഎസ്‌പിഎന്‍ക്രിക് ഇന്‍ഫോയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഓസ്‌ട്രേലിയയില്‍ നേരിടേണ്ടിവന്ന ദുരനുഭവം രഹാനെ വെളിപ്പെടുത്തിയത്.
'അഡ്‌ലെയ്‌ഡും മെല്‍ബണും അത്ര മോശമായിരുന്നില്ലെന്നാണ് ഞാന്‍ വിചാരിക്കുന്നത്. എന്നാല്‍ സിഡ്‌നിയില്‍ തുടര്‍ച്ചയായാണ് വംശീയ അധിക്ഷേപങ്ങളുണ്ടായത്. ഞാനും വംശീയ അധിക്ഷേപം നേരിട്ടിട്ടുണ്ട്. പലപ്പോഴും വളരെ മോശമായ രീതിയില്‍.
മുഹമ്മദ് സിറാജിനെ വംശീയമായി തന്നെ അധിക്ഷേപിച്ചപ്പോള്‍, അവരെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കണമെന്ന് ഞങ്ങള്‍ നിലപാടെടുത്തു. അധിക്ഷേപകര്‍ക്കെതിരെ നടപടി എടുക്കാതെ ഞങ്ങള്‍ കളിക്കില്ലെന്ന് ഞാന്‍ അമ്പയര്‍മാരോട് പറഞ്ഞു. എന്നാല്‍ മത്സരം തടസപ്പെടുത്താനാവില്ലെന്നും, നിങ്ങള്‍ക്ക് വാക്കൗട്ട് നടത്താമെന്നുമായിരുന്നു അമ്പയര്‍മാര്‍ പ്രതികരിച്ചത്.
ഡ്രസിങ് റൂമില്‍ ഇരിക്കാനല്ല, കളിക്കാനാണ് ഇവിടെ വന്നിരിക്കുന്നത് എന്നായിരുന്നു അവര്‍ക്ക് ഞങ്ങളുടെ മറുപടി. ആ സമയം സഹകളിക്കാരന് പിന്തുണ നല്‍കുക എന്നതാണ് പ്രധാനം. സിഡ്‌നിയില്‍ സംഭവിച്ചത് ഏറ്റവും മോശം കാര്യങ്ങളാണ്.' മത്സരത്തില്‍ വിരാട് കോലിയുടെ അഭാവത്തില്‍ ടീമിനെ നയിച്ചിരുന്ന രഹാനെ പറഞ്ഞു.
also read: വളര്‍ത്തു പൂച്ചയോട് ക്രൂരത; വെസ്റ്റ് ഹാം യുണൈറ്റഡ് ഡിഫൻഡർ കുർട്ട് സൗമക്ക് ശിക്ഷ വിധിച്ച് കോടതി
ഓസീസിനെതിരെ സിഡ്‌നിയില്‍ പൊരുതിപ്പിടിച്ച സമനിലയാണ് പരമ്പര ജയത്തിലേക്ക് ഇന്ത്യക്ക് വഴി തുറന്നത്. പരുക്ക് വകവയ്‌ക്കാതെ രവിചന്ദ്രൻ അശ്വിനും ഹനുമ വിഹാരിയുമാണ് ഇന്ത്യയ്‌ക്കായി പൊരുതിയത്. 258 പന്തുകളാണ് ഇരുവരും ചേര്‍ന്ന് പ്രതിരോധിച്ചത്.