അഹമ്മദാബാദ് : ഫോം തെളിയിക്കാന്‍ രഞ്‌ജി ട്രോഫിക്കിറങ്ങിയ ഇന്ത്യന്‍ താരങ്ങളായ അജിങ്ക്യ രഹാനെയ്ക്കും, ചേതേശ്വര്‍ പൂജാരയ്‌ക്കും കാലിടറുന്നു. മുംബൈയുടെ താരമായ രഹാനെ ഗോവയ്‌ക്കെതിരായ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായി. സൗരാഷ്‌ട്ര താരമായ പൂജാര ഒഡിഷയ്‌ക്കെതിരെ എട്ട് റണ്‍സ് മാത്രം നേടിയാണ് ക്രീസ് വിട്ടത്.
ഗോവയ്‌ക്കെതിരെ വെറും മൂന്ന് പന്തുകള്‍ മാത്രമാണ് ഇന്ത്യയുടെ മുന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ രഹാനയ്‌ക്ക് നേരിടാനായത്. ലക്ഷ്യ ഗാര്‍ഗിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് താരം തിരിച്ച് കയറിയത്. അതേസമയം ഒഡിഷയ്‌ക്കെതിരായ മത്സരത്തില്‍ ആറ് പന്തുകള്‍ നേരിട്ട പൂജാരയെ മീഡിയം പേസർ ദേബബ്രത പ്രധാന്‍റെ പന്തില്‍ സമന്‍ത്രൈയ് പിടികൂടുകയായിരുന്നു.
ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ മുംബൈയും സൗരാഷ്‌ട്രയും പരസ്‌പരം എറ്റുമുട്ടിയപ്പോള്‍ രഹാനെ സെഞ്ചുറി പ്രകടനം നടത്തിയിരുന്നു. ആദ്യ ഇന്നിങ്സില്‍ പൂജ്യത്തിന് പുറത്തായ പൂജാര രണ്ടാം ഇന്നിങ്സില്‍ 83 പന്തില്‍ 91 റണ്‍സെടുത്തും പുറത്തായി.
also read: വിജയശില്‍പ്പിയായി സ്‌മൃതി മന്ദാന ; കിവീസ് വനിതകള്‍ക്കെതിരെ ഇന്ത്യയ്‌ക്ക് ആശ്വാസ ജയം
സമീപ കാലത്തായി റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്ന താരങ്ങള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും പരാജയപ്പെട്ടതോടെ ഫോം തെളിയിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. ഇതിനായി രഞ്ജിക്കിറങ്ങിയ താരങ്ങള്‍ക്ക് വീണ്ടും അടിതെറ്റുകയാണ്. ഇതോടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുക താരങ്ങള്‍ക്ക് പ്രയാസമാവും.