ദുബായ്: ഐസിസിയുടെ ഡിസംബറിലെ (ഐസിസി പ്ലയര്‍ ഓഫ് ദി മന്ത്) മികച്ച പുരുഷ താരമായി ന്യൂസിലന്‍ഡ് സ്‌പിന്നര്‍ അജാസ് പട്ടേലിനെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍, ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെ പിന്തള്ളിയാണ് അജാസിന്‍റെ നേട്ടം.
ഒരു ഇന്നിങ്സിലെ 10 വിക്കറ്റ് നേട്ടമുള്‍പ്പെടെ കളിച്ച ഒരു മത്സരത്തില്‍ 14 വിക്കറ്റുകള്‍ നേടിയാണ് താരം അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയ്‌ക്കെതിരെ മുംബൈയിലാണ് താരം പത്ത് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.
ഇംഗ്ലണ്ട് താരം ജിം ലോക്കർ, ഇന്ത്യന്‍ ഇതിഹാസം അനിൽ കുംബ്ലെ എന്നിവർക്ക് ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഒരുന്നിങ്സില്‍ 10 വിക്കറ്റുകളെന്ന അപൂര്‍വ്വ നേട്ടം അജാസ് സ്വന്തമാക്കിയിരുന്നത്.
also read: സിദ്ധാർഥിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ വിമർശനവുമായി സൈന നെഹ്‌വാൾ
അജാസിന്‍റേത് ചരിത്ര നേട്ടമാണെന്ന് ഐസിസി വോട്ടിങ് അക്കാദമി അംഗം ജെപി ഡുമിനി പറഞ്ഞു. ഈ നേട്ടം ആഘോഷിക്കേണ്ടതുണ്ടെന്നും അജാസിന്‍റെ പ്രകടനം വരും വർഷങ്ങളിൽ ഓർമ്മിക്കപ്പെടാവുന്ന ഒരു നാഴികക്കല്ലാണെന്നതിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.