ദുബായ് : അഫ്‌ഗാനിസ്ഥാനിലേക്ക് വനിത ക്രിക്കറ്റ് മടങ്ങിയെത്തുന്നു. രാജ്യത്ത് വനിത ക്രിക്കറ്റ് പുനരാരംഭിക്കാനും ഐസിസി ഭരണഘടനയെ പിന്തുണയ്‌ക്കാനും അഫ്‌ഗാന്‍ സര്‍ക്കാര്‍ തത്വത്തിൽ സമ്മതിച്ചു. ഐസിസി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
അഫ്‌ഗാന്‍റെ ഭരണം താലിബാൻ പിടിച്ചെടുത്തതോടെ രാജ്യത്തെ വനിത കായിക മേഖലയുടെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. താലിബാൻ ഭരണകൂടത്തിന് കീഴിൽ ക്രിക്കറ്റ് ഉള്‍പ്പടെയുള്ള കായിക ഇനങ്ങളില്‍ നിന്നും വനിതകളെ വിലക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിന് പിന്നാലെ രാജ്യത്തെ ക്രിക്കറ്റിന്‍റെ അവസ്ഥ അവലോകനം ചെയ്യാൻ ഐസിസി ഒരു വർക്കിങ് ഗ്രൂപ്പ് രൂപീകരിച്ചു. ഈ വര്‍ക്കിങ് ഗ്രൂപ്പുമായി അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡും ഒരു സര്‍ക്കാര്‍ പ്രതിനിധിയും ചര്‍ച്ച നടത്തി. ഇതിലാണ് വനിത ക്രിക്കറ്റുമായി ബന്ധപ്പെട്ടുള്ള തങ്ങളുടെ നിലപാട് അഫ്‌ഗാന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്.
ഐസിസി ഭരണഘടനയെ പൂർണമായി മാനിക്കാനും അനുസരിക്കാനുമുള്ള തങ്ങളുടെ പ്രതിബദ്ധത സർക്കാർ പ്രതിനിധി അറിയിച്ചതായി വര്‍ക്കിങ് ഗ്രൂപ്പ് ചെയർ ഇമ്രാൻ ഖ്വാജ പറഞ്ഞു. ഇടപെടലുകളില്ലാതെ അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുമെന്നും സർക്കാർ പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് വനിത ക്രിക്കറ്റ് പുനരാരംഭിക്കുന്നതിന് വ്യക്തമായ വെല്ലുവിളികളുണ്ട്. എന്നാൽ ഇത് മുന്നോട്ടുകൊണ്ടുപോകുന്നതിന് എസിബിയുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരും. പുരുഷ ടീമിന് പുറമെ ഒരു ദേശീയ വനിത ടീമും ഉണ്ടായിരിക്കേണ്ടത് ഐസിസിയുടെ ആവശ്യകതയാണെന്നും ഇമ്രാൻ ഖ്വാജ കൂട്ടിച്ചേര്‍ത്തു.
റോസ് മക്കല്ലം (അയർലൻഡ് ചെയർ), റമീസ് രാജ (പാകിസ്ഥാൻ ചെയർ), ലോസൺ നൈഡൂ ( ദക്ഷിണാഫിക്ക ചെയർ) എന്നിവരാണ് വര്‍ക്കിങ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍.