ന്യൂഡൽഹി : ബയോബബിളിൽ തുടരാനുള്ള ബുദ്ധിമുട്ട് കാരണം വരാനിരിക്കുന്ന ഐപിഎല്ലിൽ നിന്ന് പിൻമാറിയ ഗുജറാത്ത് ടൈറ്റൻസ് താരം ജേസൺ റോയിക്ക് പകരം അഫ്‌ഗാൻ ഓപ്പണർ റഹ്‌മനുള്ള ഗുർബാസിനെ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. ബിസിസിയുടെ അന്തിമ അനുമതി ലഭിച്ച ശേഷം ഔദ്യോഗിക അറിയിപ്പ് ഉണ്ടാകും.
വിക്കറ്റ് കീപ്പർ എന്ന നിലയിലെ മികച്ച പ്രകടനവും ടി20യിൽ 150 ൽ അധികം സ്‌ട്രൈക്ക് റേറ്റ് ഉള്ളതുമാണ് താരത്തിന് ഗുജറാത്ത് ടൈറ്റൻസിലേക്കുള്ള വഴി തുറന്നത്. കരിയറിലെ വിവിധ ടൂർണമെന്‍റുകളിലായി നടന്ന 69 ടി20 മത്സരങ്ങളിൽ നിന്ന് 113 സിക്‌സറുകൾ താരം ഇതിനകം നേടിയിട്ടുണ്ട്. രാജ്യത്തിനായി ഇതുവരെ 9 ഏകദിനങ്ങളും 12 ടി20കളും താരം കളിച്ചിട്ടുണ്ട്.
റഹ്‌മനുള്ള ഗുർബാസിന്‍റെ വരവ് ടീമിലെ വിക്കറ്റ് കീപ്പർ പ്രതിസന്ധിക്കും പരിഹാരമാകും എന്ന കണക്കുകൂട്ടലിലാണ് ടീം മാനേജ്‌മെന്‍റ്. ടീമിന്‍റെ പ്രധാന വിക്കറ്റ് കീപ്പർ മാത്യു വെയ്‌ഡ് രണ്ടാം വാരത്തിൽ മാത്രമേ ടീമിലേക്ക് എത്തുകയുള്ളൂ. വൃദ്ധിമാൻ സാഹയാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ. എന്നാൽ ടീ20 ൽ മികച്ച റെക്കോഡ് ഇല്ലാത്ത സാഹയെ കളിപ്പിക്കുക എന്നത് ടീം മാനേജ്മെന്‍റിനും ബുദ്ധിമുട്ടേറിയ കാര്യമാണ്.
ഈയൊരു അവസരത്തിൽ റഹ്‌മനുള്ള ഗുർബാസിന്‍റെ വരവ് ഹെഡ് കോച്ച് ആശിഷ് നെഹ്‌റയുടെയും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെയും ആശങ്ക കുറച്ചേക്കും. പാകിസ്ഥാൻ സൂപ്പർ ലീഗിൽ മുൾട്ടാൻ സുൽത്താൻസിനും ഇസ്ലാമബാദ് യുണൈറ്റഡിനും വേണ്ടിയും ലങ്ക പ്രീമിയർ ലീഗിൽ കാൻഡി ടസ്‌ക്കേഴ്‌സിനായും ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഖുൽന ടൈഗേഴ്‌സിനായും താരം ബാറ്റ് വീശിയിട്ടുണ്ട്.