സിഡ്‌നി: ലോക ക്രിക്കറ്റിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസികളുടെ വർധിച്ചുവരുന്ന ആധിപത്യത്തെ ചോദ്യം ചെയ്‌ത് ഓസീസ് ക്രിക്കറ്റ് ഇതിഹാസം ആദം ഗിൽക്രിസ്റ്റ്. "കുത്തകവത്‌കരണ" പ്രവണത ക്രിക്കറ്റിന് അപകടകരമാണെന്ന് ഗിൽക്രിസ്റ്റ് പറഞ്ഞു.
ബിഗ് ബാഷ് ലീഗിന്‍റെ (ബിബിഎല്‍) ഈ സീസണില്‍ ഓസ്‌ട്രേലിയൻ ബാറ്റര്‍ ഡേവിഡ് വാർണർ കളിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് താരത്തിന്‍റെ പ്രതികരണം. ലാഭകരമായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ടി20 ലീഗിലേക്ക് ചേക്കേറുന്നതിന്‍റെ ഭാഗമായാണ് വാര്‍ണര്‍ ബിബിഎല്‍ ഒഴിവാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. യുഎഇയുടെ ടി20 ലീഗുകളിലെ മൂന്ന് ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയത് ഐപിഎല്‍ ടീമുകളുടെ ഉടമസ്ഥരാണ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി കാപിറ്റല്‍സ് എന്നിവയുടെ ഉടമകളാണ് യുഎയില്‍ ടീമുകള്‍ നേടിയത്. ഐപിഎല്ലില്‍ ഡല്‍ഹിക്കായാണ് വാര്‍ണര്‍ കളിക്കുന്നത്.
''ബിബിഎല്ലില്‍ കളിക്കാന്‍ ഡേവിഡ് വാര്‍ണറെ നിര്‍ബന്ധിക്കാനാവില്ല. ഇക്കാര്യം ഞാന്‍ മനസിലാക്കുന്നുണ്ട്. വാര്‍ണര്‍ക്ക് പകരം മറ്റൊരു താരത്തിന് അവസരം കിട്ടുമായിരിക്കും. എന്നാല്‍ ഇത് വാര്‍ണറുടെ മാത്രം കാര്യമല്ല. ഇത്തരത്തില്‍ ഒരുപാട് താരങ്ങളുണ്ട്.
ഇതെല്ലാം ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ആഗോള ആധിപത്യത്തിന്‍റെ ഭാഗമാണ്. കരീബിയൻ പ്രീമിയർ ലീഗിൽ ഉള്‍പ്പെടെ നിരവധി ടീമുകൾ സ്വന്തമാക്കിയ ഐപിഎൽ ഫ്രാഞ്ചൈസികൾ കുത്തക സൃഷ്‌ടിക്കാൻ തുടങ്ങിയിരിക്കുന്നു. കളിക്കാരിലും കളിക്കാരുടെ കഴിവുകളിലും ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ആധിപത്യം നേടുന്നത് അപകടകരമാണ്'', ഗിൽക്രിസ്റ്റ് പറഞ്ഞു.
ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും ഇല്ലെങ്കില്‍ കൂടുതല്‍ കളിക്കാര്‍ വാര്‍ണറുടെ പാത പിന്തുടരുമെന്നും ഗിൽക്രിസ്റ്റ് മുന്നറിയിപ്പ് നല്‍കി. ഓസ്‌ട്രേലിയയ്‌ക്കായി 96 ടെസ്റ്റുകളിലും, 287 ഏകദിനങ്ങളിലും, 13 ടി20യിലും കളിച്ച താരമാണ് ഗിൽക്രിസ്റ്റ്. ഐപിഎലിൽ ഡെക്കാൻ ചാർജേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ച താരം പഞ്ചാബിനായും കളിച്ചിട്ടുണ്ട്.
also read: ടി20 ലോകകപ്പ് അവര്‍ക്ക്; വിജയിയെ പ്രവചിച്ച് റിക്കി പോണ്ടിങ്