അബുദാബി: അബുദബി ടി10 ലീഗില്‍ ടീം അബുദാബിയുടെ സഹപരിശീലകയായ സാറ ടെയ്‌ലര്‍ക്ക് കീഴില്‍ പരിശീലിക്കാനിറങ്ങുന്നത് അതിശയകരമായ കാര്യമാണെന്ന് ടീം അംഗവും സൗത്താഫ്രിക്കയുടെ മുന്‍ താരവുമായ കോളിൻ ഇൻഗ്രാം. ടി20 ഫോര്‍മാറ്റില്‍ 7000ത്തിലധികം റണ്‍സ് നേടിയ താരം ഒരു വെല്‍ച്വല്‍ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം പറഞ്ഞത്.
"ടീം അബുദാബിയുടെ സഹപരിശീലകയായി സാറ ടെയ്‌ലറെ ലഭിക്കുന്നത് തികച്ചും അതിശയകരമാണ്. അവര്‍ ഒരു മികച്ച താരമായിരുന്നു. ഒരു പക്ഷേ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സാങ്കേതികമായി പ്രതിഭയുള്ള വിക്കറ്റ് കീപ്പറാണ് സാറ. അവരുടെ ഭാവി പരിശീലനത്തിന് എല്ലാവിധ ആശംസകളും നേരുന്നു," കോളിൻ ഇൻഗ്രാം പറഞ്ഞു.
ടീം അബുദാബി വളരെ സന്തുലിതമായ ടീമാണെന്നും ബാറ്റുകൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന ഒരുപിടി താരങ്ങളാണ് ടീമിലുള്ളതെന്നും കോളിൻ ഇൻഗ്രാം കൂട്ടിച്ചേര്‍ത്തു. നവംബര്‍ 19 മുതലാണ് അബുദബി ടി10 ടൂര്‍ണമെന്‍റ് ആരംഭിക്കുക.
also read: ധോണി നായകന്‍, കോലി പുറത്ത്; എക്കാലത്തേയും മികച്ച ടി20 ഇലവനുമായി ഹര്‍ഭജന്‍
ടീം അബുദാബിയുടെ സഹപരിശീലകയായതോടെ പുരുഷ ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിതയെന്ന നേട്ടം സ്വന്തമാക്കാനും ഇംഗ്ലണ്ടിന്‍റെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാറ ടെയ്‌ലര്‍ക്കായിരുന്നു. ടി10 ലീഗിലെ തന്‍റെ പങ്കാളിത്തം ലോകമെമ്പാടുമുള്ള വനിതകള്‍ക്ക് പ്രചോദനമാകുമെന്ന് കരുതുന്നതായി സാറ നേരത്തെ പ്രതികരിച്ചിരുന്നു.
നേരത്തെ കൗണ്ടി ക്ലബ്ബ് സസെക്‌സില്‍ വനിത സ്‌പെഷ്യലൈസ്‌ഡ് കോച്ചായിരുന്ന 32കാരിയായ താരം എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായാണ് അറിയപ്പെടുന്നത്. 2006ല്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം നടത്തിയ താരം 2019ലാണ് വിരമിച്ചത്. 10 ടെസ്റ്റുകളും 126 ഏകദിനങ്ങളും 90 ടി20 മത്സരങ്ങളും സാറ ടീമിനായി കളിച്ചിട്ടുണ്ട്.