ന്യൂഡല്‍ഹി: ക്രിക്കറ്റിന്‍റെ ഈ തലമുറയിലെ രണ്ട് മികച്ച ബാറ്റർമാരാണ് ഇന്ത്യയുടെ വിരാട് കോലിയും പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമും. കോലി തന്‍റെ കരിയറിന്‍റെ ഉന്നതിയിൽ തുടരുമ്പോഴായിരുന്നു ബാബര്‍ വരവറയിക്കുന്നത്. വര്‍ഷങ്ങളായി ഇരു താരങ്ങളും തങ്ങളുടെ ടീമിനായി അത്ഭുതങ്ങൾ സൃഷ്‌ടിച്ച് മുന്നേറുകയാണ്.
പലപ്പോഴും കോലിയും ബാബറും തമ്മിലുള്ള താരതമ്യവുമായി പലരും രംഗത്ത് എത്താറുണ്ട്. ഈ താരതമ്യപ്പെടുത്തല്‍ ആരാധകര്‍ തമ്മിലാണെങ്കില്‍ ഒന്നിനൊന്ന് വിട്ടുകൊടുക്കാന്‍ തന്നെ ആരും തയ്യാറാവില്ലെന്നതാണ് സത്യം. എന്നാല്‍ ഇത്തരം താരമത്യം ശരിയല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ ഓള്‍ റൗണ്ടര്‍ അബ്‌ദുള്‍ റസാഖ്.
കോലിയും ബാബറും തങ്ങളുടേതായ രീതിയിൽ മികച്ചവരായതിനാൽ ഇരുവരും തമ്മിലുള്ള താരതമ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് റസാഖ് പറയുന്നത്. ഇന്ത്യയിലെ ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെയാണ് അബ്‌ദുല്‍ റസാഖിന്‍റെ വാക്കുകള്‍.
"നമുക്ക് അവരെ താരതമ്യം ചെയ്യേണ്ടതില്ല. ഇത് കപിൽ ദേവോ ഇമ്രാൻ ഖാനോ?, ഇവരില്‍ ആരാണ് മികച്ചതെന്ന് ചോദിക്കുന്നത് പോലെയാണ്. ഈ താരതമ്യങ്ങൾ ഒരിക്കലും നല്ലതല്ല.
കോലി ഇന്ത്യയിലെ ഒരു മികച്ച കളിക്കാരനാണ്. അതുപോലെ, ബാബർ അസം പാകിസ്ഥാനിലെ മികച്ച കളിക്കാരനാണ്. കോലി ഒരു ലോകോത്തര കളിക്കാരനാണ് ബാബറും അതുപോലെ തന്നെ" അബ്‌ദുല്‍ റസാഖ് പറഞ്ഞു.
എന്നാല്‍ ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ബാബറിന് വിരാട് കോലിയുടെ ഏഴയലത്ത് എത്താന്‍ പറ്റില്ലെന്നും അബ്‌ദുല്‍ റസാഖ് കൂട്ടിച്ചേര്‍ത്തു. വിരാട് കോലി 'അസാമാന്യ' കളിക്കാരനാണെന്ന് പറഞ്ഞ റസാഖ് ബാബര്‍ തന്‍റെ ഫിറ്റ്‌നസ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.
"വിരാട് കോലി ഏറെ മികച്ചതും അസാമാന്യ താരവുമാണ്. മികച്ച ഭാഗം അദ്ദേഹം തന്‍റെ ടീമിനെ ഒപ്പം കൊണ്ടുപോകുന്നു എന്നതാണ്. കോലി എപ്പോഴും പോസിറ്റീവ് ആണ്. തന്‍റെ കഴിവുകൾ നന്നായി വിനിയോഗിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
പ്രധാനകാര്യം അദ്ദേഹത്തിന്‍റെ ഫിറ്റ്നസ് ലോകോത്തരമാണ്. ബാബർ അസമിന്‍റെ ഫിറ്റ്‌നസ് വിരാട് കോലിയുടേത് പോലെയല്ല. കോലിയുടെ ഫിറ്റ്‌നസ് ബാബറിനേക്കാൾ മികച്ചതാണ്. തന്‍റെ ഫിറ്റ്‌നസ് മെച്ചപ്പെടുത്താന്‍ ബാബര്‍ കൂടുതൽ പരിശ്രമിക്കേണ്ടതുണ്ട്.
പാക്കിസ്ഥാന്‍റെ ഒന്നാം നമ്പർ താരമാണ് ബാബർ. ഏകദിനത്തിലെ ലോക ഒന്നാം നമ്പര്‍ ബാറ്ററാണ് അവന്‍. ക്രിക്കറ്റിന്‍റെ ഏത് ഫോര്‍മാറ്റായാലും, അതു ടെസ്റ്റോ, ഏകദിനമോ, ടി20യോ ആവട്ടെ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്‌ക്കാന്‍ അവന് കഴിയുന്നുണ്ട്. എല്ലാ രാജ്യങ്ങളിലും കോലിയേയും ബാബറേയും പോലെ ഒരു കളിക്കാരനുണ്ട്" അബ്‌ദുല്‍ റസാഖ് കൂട്ടിച്ചേര്‍ത്തു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്‌ക്ക് ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായുള്ള ഒരുക്കത്തിലാണ് നിലവില്‍ വിരാട് കോലി. ഈ മാസം 31നാണ് ഐപിഎല്‍ ആരംഭിക്കുക. അതേസമയം അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ബാബര്‍ അസമിന് വിശ്രമം അനുവദിച്ചിരുന്നു.
ബാബര്‍ ഇല്ലാതെ അഫ്‌ഗാനെതിരെ കളിച്ച പാകിസ്ഥാന്‍ പരമ്പര കൈവിടുകയും ചെയ്‌തു. മൂന്ന് മത്സര പരമ്പര 2-1നാണ് അഫ്‌ഗാന്‍ സ്വന്തമാക്കിയത്. പാകിസ്ഥാനെതിരെ ആദ്യമാണ് അഫ്‌ഗാന്‍ ഒരു ടി20 പരമ്പര നേടുന്നത്.
ALSO READ: 'ഡാന്‍സ് ഇന്ത്യനാണെങ്കിലും കരീബിയനാണെങ്കിലും ജയിക്കുക ക്രിസ് ഗെയ്‌ല്‍'... പറയുന്നത് ഗെയ്‌ല്‍ തന്നെ