കേപ്‌ടൗണ്‍: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും 34-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്‌സ് (AB De Villiers Revealed Reason Behind His Early Retirement From International Cricket). വലതുകണ്ണിന് കാഴ്‌ച കുറവ് ഉണ്ടായിരുന്നെന്നും കരിയറിലെ അവസാന രണ്ട് വര്‍ഷക്കാലം ഇടതുകണ്ണിലെ കാഴ്‌ച കൊണ്ടാണ് കളിച്ചിരുന്നതെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. വിരമിക്കല്‍ തീരുമാനം മാറ്റി വീണ്ടും രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും കൊവിഡ് മഹാമാരിയാണ് തന്‍റെ പദ്ധതികളെ തകിടം മറിച്ചതെന്നും ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരം വ്യക്തമാക്കി.
'മകന്‍ കളിക്കുന്നതിനിടെ അവന്‍റെ കാല്‍ ഒരിക്കല്‍ അറിയാതെ എന്‍റെ കണ്ണില്‍ ഇടിച്ചു. അതിന് ശേഷമാണ് വലതുകണ്ണിലെ കാഴ്‌ച എനിക്ക് നഷ്‌ടപ്പെട്ട് തുടങ്ങിയത്. കണ്ണിലെ റെറ്റിനയ്‌ക്ക് ഇളക്കം തട്ടിയതിനെ തുടര്‍ന്നായിരുന്നു കാഴ്ച കുറയാന്‍ തുടങ്ങിയത്.
തുടര്‍ന്ന് ശസ്ത്രക്രിയക്ക് വേണ്ടി ഡോക്‌ടറെ സമീപിച്ചിരുന്നു. അപ്പോള്‍, അവര്‍ ചോദിച്ചത് ഈ കണ്ണുവെച്ച് നിങ്ങള്‍ എങ്ങനെ ക്രിക്കറ്റ് കളിച്ചുവെന്നാണ്. ഭാഗ്യത്തിന് ഇടത് കണ്ണിലെ കാഴ്‌ചയാണ് അവസാന രണ്ട് വര്‍ഷവും ക്രിക്കറ്റ് കളിക്കാന്‍ എന്നെ സഹായിച്ചത്.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ആ തീരുമാനം പിന്‍വലിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, കൊവിഡ് ആണ് ആ തീരുമാനം മാറ്റാന്‍ പിന്നീട് കാരണമായത്'- ഡിവില്ലിയേഴ്‌സ് പറഞ്ഞു.
2019 ഏകദിന ലോകകപ്പിന് മുന്‍പായിരുന്നു ആരാധകരുടെ ഞെട്ടിച്ചുകൊണ്ട് ഡിവില്ലിയേഴ്‌സ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അതിന് മുന്‍പ് നടന്ന 2015ലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ നായകനായിരുന്നു ഡിവില്ലിയേഴ്‌സ്. അന്ന് ഡിവില്ലിയേഴ്‌സിന് കീഴില്‍ കളിച്ച പ്രോട്ടീസ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റാണ് പുറത്തായത്. ഈ തോല്‍വിയില്‍ നിന്നും മുക്തനാകാന്‍ തനിക്ക് ഒരുപാട് സമയം വേണ്ടി വന്നിരുന്നെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.
2015 ലോകകപ്പിലെ തോല്‍വി മറികടക്കാന്‍ ഒരുപാട് സമയം വേണ്ടിവന്നു. ആ മത്സരത്തിന് ശേഷം ചെറിയൊരു ഇടവേളയ്‌ക്ക് ശേഷമാണ് വീണ്ടും ടീമിനൊപ്പം ചേര്‍ന്നത്. ആ തിരിച്ചുവരവോടെ തന്നെ കാര്യങ്ങളെല്ലാം മാറിയിരുന്നു.
അതിന് ശേഷമാണ് വിരമിക്കലിനെ കുറിച്ച് പോലും ചിന്തിച്ച് തുടങ്ങിയത്. ഐപിഎല്ലില്‍ പോലും കളിക്കാനുള്ള ആഗ്രഹം ആ സമയത്ത് ഉണ്ടായിരുന്നില്ലെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.
തകര്‍പ്പന്‍ ഫോമില്‍ കളിക്കവെ 2018ല്‍ ആയിരുന്നു എ ബി ഡിവില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിനായി 114 ടെസ്റ്റിലും 228 ഏകദിനത്തിലും 78 ടി20യിലും ഡിവില്ലിയേഴ്‌സ് കളിച്ചിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം മൂന്ന് വര്‍ഷം ഫ്രാഞ്ചൈസി ക്രിക്കറ്റിലും താരം കളിച്ചിട്ടുണ്ട്.
Also Read : 'മൂന്ന് ഐപിഎല്‍ സീസണുകള്‍കൂടി കളിക്കാനുള്ള ബാല്യം ധോണിക്കുണ്ട്' ; വമ്പന്‍ പ്രവചനവുമായി എബി ഡിവില്ലിയേഴ്‌സ്