മുംബൈ: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും ആരാധകര്‍ ഏറെയുള്ള ക്രിക്കറ്ററാണ് എംഎസ് ധോണി (MS Dhoni). 2020ല്‍ രാജ്യാന്തര ക്രിക്കറ്റ് മതിയാക്കിയ ധോണി ഇപ്പോഴും ഐപിഎല്ലില്‍ സജീവ സാന്നിധ്യമാണ്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈക്ക് വേണ്ടി വരുന്ന സീസണിലും ധോണി കളിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
കഴിഞ്ഞ സീസണോടെ 42കാരനായ ധോണി വിരമിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. അടുത്തിടെയാണ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ പുതിയ സീസണിന് മുന്നോടിയായി ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയ താരങ്ങളുടെ ലിസ്റ്റില്‍ ധോണിയുടെ പേരും കണ്ടതോടെ ആരാധകര്‍ക്കൊപ്പം തന്നെ ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്രിക്കറ്റര്‍ എബി ഡിവില്ലിയേഴ്‌സും ആവേശത്തിലാണ് (AB De Villiers About MS Dhoni Future In IPL).
'ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടികയില്‍ എംഎസ് ധോണിയുടെ പേര് കണ്ടത് എന്നെയും സന്തോഷിപ്പിച്ചു. എന്നും സര്‍പ്രൈസുകള്‍ നല്‍കുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. കഴിഞ്ഞ സീസണോടെ ധോണി ഐപിഎല്‍ മതിയാക്കുമോ എന്നത് വളരെ വലിയ ചര്‍ച്ചയായിരുന്നു.
എന്നാല്‍ അതെല്ലാം അവസാനിപ്പിക്കേണ്ട സമയമാണിത്. പുതിയൊരു സീസണിലും അദ്ദേഹം ചെന്നൈയ്‌ക്കായി കളിക്കാന്‍ ഇറങ്ങുന്നു. ഇനിയും ഒരു മൂന്ന് സീസണുകള്‍ കൂടി ധോണി ചെന്നൈയ്‌ക്കൊപ്പം കളിക്കുമെന്നാണ് ഞാന്‍ കരുതുന്നത്'- റോയല്‍ ചലഞ്ചേഴ്‌സ് മുന്‍ താരം കൂടിയായ എബി ഡിവില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടു. വരുന്ന താരലേലത്തില്‍ പഞ്ചാബ് കിങ്‌സ് റിലീസ് ചെയ്‌ത ഷാരൂഖ് ഖാനെ ടീമില്‍ എത്തിക്കാനുള്ള ശ്രമങ്ങളായിരിക്കും ചെന്നൈ സൂപ്പര്‍ കിങ്സ് നടത്തുക എന്നും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഈ സീസണോടെ ധോണി ഐപിഎല്ലില്‍ നിന്നും വിരമിക്കുമെന്നും കിംവദന്തികള്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ പുതിയ നായകനെ സിഎസ്‌കെ പരീക്ഷിക്കേണ്ട സമയമാണ് ഇതെന്നും ക്രിക്കറ്റ് വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ആദ്യ സീസണ്‍ മുതല്‍ ചെന്നൈയെ ഐപിഎല്ലില്‍ നയിക്കുന്നത് എംഎസ് ധോണിയാണ്.
Also Read : ജഡേജയല്ല, ചെന്നൈയില്‍ ധോണിയുടെ പകരക്കാരനാവേണ്ടത് അവന്‍; യുവതാരത്തെ ചൂണ്ടി അമ്പാട്ടി റായിഡു
ധോണിക്ക് കീഴില്‍ അഞ്ച് പ്രാവശ്യം ചെന്നൈക്ക് ഐപിഎല്‍ കിരീടം നേടാന്‍ സാധിച്ചിട്ടുണ്ട്. 2010, 2011, 2018, 2021, 2023 സീസണുകളിലാണ് സൂപ്പര്‍ കിങ്സ് ഐപിഎല്‍ ചാമ്പ്യന്മാരായത്. 2022ല്‍ ധോണിയുടെ പകരക്കാരനായി രവീന്ദ്ര ജഡേജയെ ടീം മാനേജ്‌മെന്‍റ് നായകസ്ഥാനത്ത് പരീക്ഷിച്ചിരുന്നു. തുടര്‍തോല്‍വികളില്‍ ടീം വലഞ്ഞതോടെ ജഡേജ നായക സ്ഥാനം ഒഴിയുകയും ധോണി വീണ്ടും ക്യാപ്‌റ്റന്‍ സ്ഥാനം ഏറ്റെടുക്കുകയുമായിരുന്നു.