ദുബായ്: ഇന്ത്യയുടെ ഏഷ്യ കപ്പ് സ്ക്വാഡില്‍ (Asia Cup 2023) വെറ്ററന്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനെ (Yuzvendra Chahal) ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. സെലക്‌ടര്‍മാരുടെ തീരുമാനത്തിനെതിരെ ഹര്‍ഭജന്‍ സിങ്ങുള്‍പ്പെടെയുള്ള ചില മുന്‍ താരങ്ങളും നിരവധി വിദഗ്‌ധരും രംഗത്ത് എത്തിയപ്പോള്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാന്‍ ചഹല്‍ യോഗ്യനല്ലെന്നുള്ള പാകിസ്ഥാന്‍റെ മുന്‍ താരം ഡാനിഷ് കനേരിയയുടെ വാക്കുകളും ശ്രദ്ധേയമായി. എന്നാല്‍ ഇപ്പോഴിതാ ചഹലിനെ ടീമിലെടുക്കാത്തതില്‍ നടുക്കം പ്രകടിപ്പിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം എബി ഡിവില്ലിയേഴ്‌സ് (AB de Villiers on Yuzvendra Chahal Exclusion Asia Cup India Squad).
ചഹല്‍ പുറത്താക്കപ്പെട്ടതോടെ ഇന്ത്യന്‍ ടീമില്‍ ഒരൊറ്റ ലെഗ് സ്‌പിന്നര്‍ പോലുമില്ലെന്ന് ഡിവില്ലിയേഴ്‌സ് ചൂണ്ടിക്കാട്ടി. "ചഹലിനെ ഒഴിവാക്കി, ആരെയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് സെലക്‌ടര്‍മാര്‍ അവരുടെ ഉദ്ദേശം വ്യക്തമാക്കിയിരിക്കുകയാണ്. എന്നെ സംബന്ധിച്ച് ഇതൊരല്‍പ്പം നിരാശാജനകമായ തീരുമാനമാണ്.
അവനിലൂടെ ഇന്ത്യന്‍ ടീമില്‍ ഒരു മികച്ച ലെഗ് സ്‌പിന്നിങ് ഓപ്ഷന്‍ ലഭിക്കുമായിരുന്നു. അവന്‍ എത്ര സമർത്ഥനായ താരമാണെന്ന് നമുക്ക് എല്ലാവര്‍ക്കും തന്നെ അറിയാം (AB de Villiers on Yuzvendra Chahal) "- എബി ഡിവില്ലിയേഴ്‌സ് (AB de Villiers) തന്‍റെ യൂട്യൂബ് ചാനലിലെ വീഡിയോയിൽ പറഞ്ഞു.
ഏഷ്യ കപ്പ് ഇന്ത്യൻ സ്‌ക്വാഡ് (India Squad Asia Cup 2023): ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, രോഹിത് ശർമ (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).
അതേസമയം ഏഷ്യ കപ്പ് ഓഗസ്റ്റ് 30 മുതല്‍ സെപ്‌റ്റംബര്‍ 17 വരെയാണ് നടക്കുന്നത്. പാകിസ്ഥാനിലും ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലിലാണ് ടൂര്‍ണമെന്‍റ് നടക്കുക. പാകിസ്ഥാന്‍ ആതിഥേയരാവുന്ന ടൂര്‍ണമെന്‍റിനായി പാക് മണ്ണിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അയയ്‌ക്കില്ലെന്ന് ബിസിസിഐ നിലപാട് എടുത്തിരുന്നു. ഇതോടെ ഏറെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടക്കുന്ന തരത്തില്‍ ഏഷ്യ കപ്പ് നടത്താന്‍ തീരുമാനമായത്.