ബെംഗളൂരു : ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എ ബി ഡിവില്ലിയേഴ്‌സ് (AB DE Villiers) വീണ്ടും ഐപിഎല്ലിലേക്ക് (IPL) തിരിച്ചെത്തുമെന്ന് സൂചന. ഇത്തവണ കളിക്കാരനായിട്ടല്ലെന്നും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ (Royal Challengers Bangalore) മെന്‍റര്‍ റോളിലായിരിക്കും താരമെത്തുന്നതുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, ഫ്രാഞ്ചൈസി ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ആര്‍സിബിയുടെ പരിശീലകനായി ആന്‍ഡി ഫ്ലവര്‍ സ്ഥാനമേറ്റെടുത്തത്. ഡയറക്‌ടര്‍ മൈക്കില്‍ ഹൊസൈന്‍, പരിശീലകന്‍ സഞ്ജയ് ബംഗാര്‍ എന്നിവരുമായി ക്ലബിനുണ്ടായിരുന്ന കരാര്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് ടീം പരിശീലകനെ തേടി നടത്തിയ യാത്ര ആന്‍ഡി ഫ്ലവറിലാണ് എത്തി നിന്നത്.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ ആദ്യ രണ്ട് വര്‍ഷങ്ങളിലും പരിശീലിപ്പിച്ചത് ആന്‍ഡി ഫ്ലവറായിരുന്നു. കെഎല്‍ രാഹുല്‍ നായകനായ ലഖ്‌നൗവിന് രണ്ട് വര്‍ഷത്തെ കരാറായിരുന്നു സിംബാബ്‌വെന്‍ ഇതിഹാസവുമായി ഉണ്ടായിരുന്നത്. ഫ്ലവറുമായുള്ള കരാര്‍ അവസാനിച്ചതോടെ ജസ്റ്റിന്‍ ലാംഗറെ എല്‍എസ്‌ജി കൂടാരത്തിലെത്തിക്കുകയും ചെയ്‌തിരുന്നു.
മൈക്കില്‍ ഹൊസൈന്‍ ആര്‍സിബി വിടുന്ന സാഹചര്യത്തില്‍ ടീമില്‍ വമ്പന്‍ അഴിച്ചുപണികള്‍ നടക്കാനാണ് സാധ്യത. ഹൊസെനൊപ്പമുണ്ടായിരുന്ന കോച്ചിങ് സ്റ്റാഫിലെ മറ്റ് അംഗങ്ങളും ടീം വിടാനാണ് സാധ്യത. ഇതോടെയാണ് ആര്‍സിബിയുടെ മുന്‍ താരം കൂടിയായ എ ബി ഡിവില്ലിയേഴ്‌സ് പുതിയൊരു റോളില്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്.
ആദ്യ പതിപ്പ് മുതല്‍ ഐപിഎല്ലില്‍ കളിച്ചിരുന്ന എ ബി ഡിവില്ലിയേഴ്‌സിനെ 2011ലാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ (ഡല്‍ഹി ക്യാപിറ്റല്‍സ്) നിന്നും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. തുടര്‍ന്ന് 2021വരെ താരം ബെംഗ്ലൂരു ആസ്ഥാനമായ ഫ്രാഞ്ചൈസിക്കായി കളിച്ചു. ഇക്കാലയളവില്‍ മികച്ച പ്രകടനങ്ങളിലൂടെ ടീമിന്‍റെ എക്കാലത്തെയും മികച്ച താരമായും എ ബി ഡിവില്ലിയേഴ്‌സ് മാറി.
155 മത്സരങ്ങള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ച എ ബി ഡിവില്ലിയേഴ്‌സ് 41.20 ശരാശരിയില്‍ 4491 റണ്‍സാണ് നേടിയിട്ടുള്ളത്. ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള രണ്ടാമത്തെ താരമാണ് മിസ്റ്റര്‍ 360. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയാണ് പട്ടികയില്‍ ഡിവില്ലിയേഴ്‌സിന് മുന്നില്‍.
വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ആര്‍സിബിയെ പല മത്സരങ്ങളിലും ജയത്തിലേക്ക് എത്തിക്കാന്‍ ഡിവില്ലിയേഴ്‌സിനായിട്ടുണ്ട്. ടീമിനായി ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയതും ഡിവില്ലിയേഴ്‌സാണ്. ആര്‍സിബിക്കൊപ്പം രണ്ട് തവണ ഐപിഎല്‍ ഫൈനല്‍ കളിക്കാന്‍ ഡിവില്ലിയേഴ്‌സിനായെങ്കിലും ടീമിനെ കിരീടത്തിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം, പുതിയ റോളില്‍ എ ബി ഡിവില്ലിയേഴ്‌സ് ടീമിലേക്ക് തിരിച്ചെത്തുമെന്ന സൂചന ആരാധകരെയും സന്തോഷത്തിലാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ടീമിന് ഐപിഎല്ലിലെ ആദ്യ കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.
Also Read : Asia Cup | 'കോലിയുടെ സ്ഥാനം തെറിക്കും ?' ; ഏഷ്യ കപ്പ് ടീം സെലക്ഷന്‍ 'തലവേദന'യാവുന്നു