മുംബൈ : അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റിലെ ബാറ്റിങ് സെൻസേഷനുകളിൽ ഒരാളാണ് ഇന്ത്യയുടെ സൂര്യകുമാർ യാദവ്. ടി20 ഫോര്‍മാറ്റിലെ ലോക ഒന്നാം നമ്പറായ സൂര്യകുമാര്‍ യാദവ് ഇതിനകം തന്നെ 360 ഡിഗ്രി താരമെന്ന വിളിപ്പേരും സ്വന്തമാക്കിക്കഴിഞ്ഞു. അടുത്തിടെ അവസാനിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റിന്‍റെ 16-ാം പതിപ്പില്‍ ആയിരുന്നു അവസാനമായി ആരാധകര്‍ താരത്തിന്‍റെ ബാറ്റിങ് വെടിക്കെട്ട് കണ്ടത്.
ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ മോശം ഫോമിലായിരുന്ന സൂര്യകുമാര്‍ പിന്നീടാണ് മികവിലേക്ക് ഉയര്‍ന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി പവര്‍ഫുള്‍ സ്വീപ്പ് ഷോട്ടുകളിലൂടെ ബൗണ്ടറിയടിച്ചും അവിശ്വസനീയമായ സ്‌കൂപ്പ് ഷോട്ടുകളാല്‍ തേർഡ് മാനിന് മുകളിലൂടെ സിക്‌സറിടിച്ചും 360 ഡിഗ്രി പ്ലെയറെന്ന വിളിപ്പേര് താരം അന്വര്‍ഥമാക്കുകയും ചെയ്‌തിരുന്നു. നേരത്തെ ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിന് മാത്രം സ്വന്തമായിരുന്ന വിശേഷണമായിരുന്നു ഇത്.
മൈതാനത്തിന്‍റെ നാല് പാടേക്കും പന്തടിച്ചെത്തിക്കുന്ന എബി ഡിവില്ലിയേഴ്‌സിന്‍റെ അതേ ശൈലിയിലാണ് നിലവില്‍ സൂര്യകുമാര്‍ യാദവും ബാറ്റ് വീശുന്നത്. സൂര്യ തന്നില്‍ ഏറെ മതിപ്പുളവാക്കിയതായി നേരത്ത പലതവണ ഡിവില്ലിയേഴ്‌സ് തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ താരത്തെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് ഇതിഹാസം.
ക്രിക്കറ്റിന്‍റെ ഫോർമാറ്റുകളിലുടനീളം സ്ഥിരത നിലനിർത്തുന്നത് സൂര്യകുമാര്‍ യാദവിന് ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് എബി ഡിവില്ലിയേഴ്‌സ് പറയുന്നത്. ദക്ഷിണാഫ്രിക്കന്‍ താരത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ....
"ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിലും സ്ഥിരത പുലർത്തുകയും ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും തന്‍റേതായ ശൈലി കണ്ടെത്തുകയും അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കുകയും ചെയ്യുക എന്നതാണ് സൂര്യകുമാര്‍ യാദവിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ അത് ഏറെക്കുറെ സമാനമാണെന്ന് അവന്‍ മനസിലാക്കുമെന്നാണ് എനിക്ക് തോന്നുന്നത്" -ഡിവില്ലിയേഴ്‌സ് പറഞ്ഞു.
താന്‍ ഒരിക്കല്‍ പോലും കളിച്ചിട്ടില്ലാത്ത ഷോട്ടുകളാണ് സൂര്യകുമാര്‍ യാഥാര്‍ഥ്യമാക്കുന്നതെന്നും താരത്തിന്‍റെ ബാറ്റിങ് കാണുന്നത് ഏറെ ആവേശകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "തീര്‍ത്തും അവിശ്വസനീയമാണ് അവന്‍റെ പ്രകടനം. ഞാൻ ഒരിക്കല്‍ പോലും കളിക്കാത്ത ഷോട്ടുകളാണ് പലപ്പോഴും അവന്‍ പുറത്തെടുക്കുന്നത്.
അത് കാണാന്‍ ഏറെ മനോഹരമാണ്. അവന് ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. അവനില്‍ നിന്നും ഇനിയുമേറെ വരാനുണ്ട്. ഭാവിയിൽ ഇതിലുമേറെ മികച്ച ഒരു താരമായി സൂര്യകുമാര്‍ യാദവ് മാറുമെന്നാണ് എന്‍റെ പ്രതീക്ഷ. അതിനാൽ ഇത് വളരെ ആവേശകരമാണ്" - എബി ഡിവില്ലിയേഴ്‌സ് പറഞ്ഞു.
ഇതേവരെ 48 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള സൂര്യകുമാർ യാദവ് 46.52 ശരാശരിയിലും 175.76 സ്‌ട്രൈക്ക് റേറ്റിലും 1675 സ്‌കോർ ചെയ്തിട്ടുണ്ട്. ഫോർമാറ്റിൽ മൂന്ന് സെഞ്ചുറികളും 13 അർധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്. എന്നാല്‍ ഏകദിനത്തിലും ടെസ്റ്റിലും ഈ മികവ് ആവര്‍ത്തിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. 23 ഏകദിനങ്ങളില്‍ നിന്ന് 24.1 ശരാശരിയില്‍ 433 റണ്‍സ് മാത്രമാണ് സൂര്യയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. ആകെ കളിച്ച ഒരു ടെസ്റ്റിലാവട്ടെ എട്ട് റണ്‍സ് മാത്രമാണ് താരത്തിന്‍റെ സമ്പാദ്യം.