മുംബൈ: ഇന്ത്യയുടെ ഭാവി താരങ്ങളിലൊരാളായി വാഴ്‌ത്തപ്പെട്ട താരമാണ് ജമ്മു കശ്മീര്‍ പേസര്‍ ഉമ്രാന്‍ മാലിക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചായി 150 കിലോമീറ്ററിന് മുകളില്‍ പന്തെറിഞ്ഞുകൊണ്ടായിരുന്നു 24-കാരനായ താരം ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നാലെ ഇന്ത്യന്‍ ടീമിലേക്കും ഉമ്രാന് വിളിയെത്തി.
എന്നാല്‍ ഇന്ത്യയുടെ എ ടീമില്‍ പോലും ഉമ്രാനെ പരിഗണിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇപ്പോഴിതാ വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. നേരത്തെ എവിടെ നോക്കിലായും ഉമ്രാനുണ്ടായിരുന്നു. ഇപ്പോള്‍ താരത്തിന് എന്തുപറ്റിയെന്ന് അറിയേണ്ടതുണ്ടെന്നാണ് ആകാശ് ചോപ്ര പറയുന്നത്. (Aakash Chopra on Umran Malik's Absence In Indian Cricket Team)
"കുറച്ചു കാലം മുമ്പ് വരെ, എല്ലായിടത്തും ഉമ്രാന്‍ മാലിക്കുണ്ടായിരുന്നു. അവനെ വെസ്റ്റ് ഇൻഡീസിലേക്കും കൊണ്ടുപോയി. ഏകദിന ലോകകപ്പ് ടീമിലും അവനുണ്ടാകുമെന്നാണ് തോന്നിയത്. പക്ഷേ ഇപ്പോൾ അവൻ ഒരു ടീമിലും ഇല്ല.
എന്തിനതികം പറയുന്നു, ഇന്ത്യന്‍ എ ടീമിലേക്ക് പോലും അവന്‍ തിരഞ്ഞെടുക്കപ്പെട്ടില്ല. മൂന്ന് മാസത്തിനുള്ളിൽ എന്താണ് സംഭവിച്ചത്. ഒരു യുവതാരം ആദ്യം ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു. അവിടെ വളരെ കുറഞ്ഞ അവസരങ്ങൾ ലഭിക്കുകയും പിന്നീട് അവനെ പൂര്‍ണമായി കാണാതാവുകയും ചെയ്യുന്നു.
ഉമ്രാന്‍ മാലിക് ഇപ്പോള്‍ എവിടെയാണെന്ന് പോലും ആര്‍ക്കും അറിയില്ല. എന്തുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് അറിയേണ്ടതുണ്ട്" ആകാശ് ചോപ്ര പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലിലായിരുന്നു ഇന്ത്യയുടെ മുന്‍ താരത്തിന്‍റെ പ്രതികരണം.
2022-ലെ ഐപിഎല്ലിലൂടെയായിരുന്നു ഉമ്രാന്‍ ശ്രദ്ധേയനാവുന്നത്. സീസണില്‍ 22 വിക്കറ്റുകളുമായാണ് താരം തിളങ്ങിയത്. എന്നാല്‍ തൊട്ടടുത്ത സീസണില്‍ ടീമിന്‍റെ പ്ലേയിങ് ഇലവനില്‍പോലും സ്ഥിരക്കാരാനാവാന്‍ ഉമ്രാന് കഴിഞ്ഞില്ല. എട്ട് മത്സരങ്ങളില്‍ നിന്നും 10.85 ഇക്കോണമിയില്‍ അഞ്ച് വിക്കറ്റുകള്‍ മാത്രമായിരുന്നു സമ്പാദ്യം.
ALSO READ: 'മികച്ച പ്രകടനങ്ങളുണ്ട്... പക്ഷേ വാർണർ മഹാനല്ല': ഓസീസ് മുന്‍ കോച്ച് ജോൺ ബുക്കാനൻ
വേഗമുണ്ടെങ്കിലും ഫലപ്രദമായി പന്ത് നിയന്ത്രിക്കാന്‍ കഴിയാതെ ഏറെ റണ്‍വഴങ്ങുന്നതാണ് താരത്തിന് തിരിച്ചടിയായത്. വേഗത്തിനൊപ്പം പന്ത് നിയന്ത്രിക്കുന്നതിനും മറ്റുമായുള്ള കഴിവുകള്‍ ഉമ്രാന്‍ വികസിപ്പിക്കേണ്ടതുണ്ടെന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് ബോളിങ് പരിശീലകന്‍ മുത്തയ്യ മുരളീധരൻ ഉൾപ്പെടെയുള്ള നിരവധി പേര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് ഉമ്രാന്‍ അവസാനമായി ഇന്ത്യയ്‌ക്കായി കഴിച്ചത്. വിന്‍ഡീസില്‍ കാര്യമായ പ്രകടനം നടത്താന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇന്ത്യയ്‌ക്കായി ഇതേവരെ കളിച്ച 10 ഏകദിനങ്ങളില്‍ നിന്നും 13 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. 6. 54 ആണ് ഇക്കോണമി. എട്ട് ടി20 മത്സരങ്ങളില്‍ നിന്നും 10.49 ഇക്കോണമിയില്‍ 11 വിക്കറ്റുകളാണ് നേടാന്‍ കഴിഞ്ഞത്.
ALSO READ: ഹാര്‍ദിക്കിന്‍റെ പൂതി മനസിലിരിക്കത്തേയുള്ളൂ ; ടി20 ലോകകപ്പില്‍ രോഹിത് നയിക്കുമെന്ന് ശ്രീകാന്ത്