മുംബൈ: ഐപിഎല്‍ 2023 സീസണിന് മുന്നോടിയായുള്ള മിനി ലേലത്തില്‍ 8.25 കോടി രൂപയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിനായി മുടക്കിയത്. ടീമില്‍ നിന്നും ഒഴിവാക്കിയ നായകന്‍ കെയ്‌ന്‍ വില്യംസണിന് പകരക്കാരനെ പ്രഖ്യാപിക്കാത്ത ഫ്രാഞ്ചൈസി തല്‍സ്ഥാനത്തേക്ക് മായങ്കിനെ പരിഗണിച്ചേക്കുമെന്ന് വിലയിരുത്തലുകളുണ്ട്. എന്നാല്‍ 31കാരനെ ടീമിന്‍റെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കരുതെന്നാണ് മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര പറയുന്നത്.
ക്യാപ്റ്റന്‍സി മായങ്കിനെ സമ്മര്‍ദത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടിയ ചോപ്ര ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ നായകനാക്കണമെന്നും അഭിപ്രായപ്പെട്ടു. "സണ്‍റൈസേഴ്‌സ് ഭുവനേശ്വര്‍ കുമാറിനെ ക്യാപ്റ്റനാക്കണമെന്നാണ് എനിക്ക് തോന്നുന്നത്. മായങ്ക് അഗര്‍വാള്‍ ഒരു ഓപ്ഷനാണ്.
പക്ഷെ അത് ചെയ്യരുത് എന്ന് ഞാന്‍ പറയും, കാരണം മായങ്ക് അത്ഭുതകരമായി കളിക്കുന്ന താരമാണ്. അവന്‍ ക്യാപ്റ്റനായി കളിച്ച ഒരു വര്‍ഷം ബാറ്റിങ് അത്ര മികച്ചതായിരുന്നില്ല. അതുകൊണ്ട് തന്നെ അവന് സമ്മര്‍ദം നല്‍കാതിരിക്കുന്നതാണ് ഉചിതം". ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനെ നയിച്ച മായങ്കിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. 13 മത്സരങ്ങളില്‍ നിന്നും 16.33 ശരാശരിയില്‍ 196 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. സീസണില്‍ ആറാം സ്ഥാനത്താണ് ഫ്രാഞ്ചൈസിക്ക് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. 14 മത്സരങ്ങളില്‍ ഏഴ് ജയം നേടിയ പഞ്ചാബ് അത്ര തന്നെ തോല്‍വിയും വഴങ്ങിയിരുന്നു.
അതേസമയം എട്ടാം സ്ഥാനത്തായിരുന്നു ഹൈദരാബാദ് കഴിഞ്ഞ സീസണില്‍ ഫിനിഷ് ചെയ്‌തത്. 14 മത്സരങ്ങളില്‍ നിന്നും ആറ് ജയം മാത്രമായിരുന്നു സംഘത്തിന് നേടാന്‍ കഴിഞ്ഞത്. ഇതിന്‍റെ പ്രതിഫലനമെന്നോണമാണ് ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി നായകനായിരുന്ന കെയ്‌ന്‍ വില്യംസണിനെ ഫ്രാഞ്ചൈസി പുറത്താക്കിയത്.
2015ൽ ഹൈദരാബാദിനായി ഐപിഎൽ അരങ്ങേറ്റം കുറിച്ച വില്യംസണുമായുള്ള എട്ട് വര്‍ഷത്തെ ബന്ധമാണ് ഫ്രാഞ്ചൈസി അവസാനിപ്പിച്ചത്.
Also read: രാഹുലിനെ ഒഴിവാക്കും, കോലിയും സംശയത്തില്‍ ; ശ്രീലങ്കയ്‌ക്കെതിരെ വമ്പന്‍ പരീക്ഷണത്തിന് ഇന്ത്യ