ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്ക് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലനം അരംഭിച്ചു. ഐപിഎല്‍ ഇടവേളയിലായിരുന്ന ഇന്ത്യന്‍ താരങ്ങള്‍ ഞായറാഴ്‌ചയാണ് ഡല്‍ഹിയില്‍ ഒത്തുചേര്‍ന്നത്. വിശ്രമം നല്‍കിയ നായകൻ രോഹിത് ശർമയുടെ അഭാവത്തിൽ കെഎൽ രാഹുലാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരമ്പരയിൽ ശ്രദ്ധിക്കേണ്ട 5 പ്രധാന പോരാട്ടങ്ങൾ;
റിഷഭ് പന്ത് vs ആൻറിച്ച് നോര്‍ട്‌ജെ; വരാനിരിക്കുന്ന ടി20 പരമ്പര റിഷഭ് പന്തിന്‍റെ ആക്രമിച്ചു കളിക്കുന്ന ബാറ്റിങ്ങിനും, ആൻറിച്ച് നോർട്‌ജെയുടെ പേസും തമ്മിലുള്ള പോരാട്ടത്തിന് സാക്ഷ്യം വഹിക്കും. ഈ സീസണിൽ 151.79 സ്‌ട്രൈക്ക് റേറ്റിൽ 340 റൺസാണ് ഡൽഹി കാപ്പിറ്റൽസ് നായകൻ സ്വന്തമാക്കിയത്. മധ്യനിരയിലെ അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം ഇന്ത്യയുടെ ബാറ്റിങ്ങിന് കരുത്തേകും. ഡൽഹിയിൽ പന്തിന്‍റെ കീഴില്‍ ഇറങ്ങിയ നോർട്‌ജെ ആറ് മത്സരങ്ങളിൽ നിന്നായി ഒമ്പത് വിക്കറ്റുകൾ വീഴ്ത്തി. നോർട്‌ജെയുടെ വേഗത വിക്കറ്റ് കീപ്പർ-ബാറ്റർ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
കെഎൽ രാഹുൽ vs കഗിസോ റബാഡ; കെഎൽ രാഹുലും കഗിസോ റബാഡയും ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്‌ചവച്ച താരങ്ങളാണ്. അരങ്ങേറ്റക്കാരായ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിന്‍റെ നായകനായ രാഹുൽ 51.33 ശരാശരിയിലും, 135.38 സ്‌ട്രൈക്ക് റേറ്റിലും 616 റൺസുമായാണ് സീസൺ അവസാനിപ്പിച്ചത്. അതേസമയം പേസ് മെഷീൻ റബാഡ 13 മത്സരങ്ങളിൽ നിന്ന് 8.46 എന്ന എക്കോണമി റേറ്റിൽ 23 വിക്കറ്റുമായി പഞ്ചാബിനായി മിന്നും പ്രകടനമാണ് പുറത്തെടുത്തത്.
കെ എൽ രാഹുൽ ക്രീസിൽ അസാമാന്യമായ ധീരതയും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ചപ്പോൾ, റബാഡ തന്‍റെ കൃത്യനിഷ്‌ടമായ പന്തുകൾ കൊണ്ട് ബാറ്റർമാരെ കുഴക്കി. പഞ്ചാബിനെതിരായ മത്സരത്തിൽ റബാഡയുടെ പന്തിൽ പെട്ടെന്ന് പുറത്തായ രാഹുലിന് ഈ പരമ്പര മികച്ച ഇന്നിങ്ങ്‌സുകൾ പുറത്തെടുക്കാനുള്ള അവസരമാണ്.
ക്വിന്‍റൺ ഡി കോക്ക് vs ഭുവനേശ്വർ കുമാർ: ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്‍റണ്‍ ഡി കോക്കിന് ഇത്തവണ ഭേദപ്പെട്ട ഐപിഎല്‍ സീസണായിരുന്നു. ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിന്‍റെ ഓപ്പണിങ്ങിൽ രാഹുലിനൊപ്പം മികച്ച രീതിയിൽ ബാറ്റ് ചെയ്‌ത ഡി കോക്ക് 15 മത്സരങ്ങളില്‍ നിന്നായി 148.97 സ്‌ട്രൈക്ക് റേറ്റിൽ 508 റൺസ് നേടി കൂടുതൽ റൺസ് നേടിയവരിൽ രണ്ടാമതെത്തി.
അതേസമയം ഭുവനേശ്വർ കുമാര്‍ ഇത്തവണ ഐപിഎല്ലിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല. ഹൈദരാബാദിനായി 14 മത്സരങ്ങളിൽ 12 വിക്കറ്റാണ് ഭുവിയുടെ സമ്പാദ്യം. ഈ പരമ്പരയിൽ ബൗളിംഗ് പ്രകടനം മെച്ചപ്പെടുത്താനും ബൗളിംഗിലെ വ്യതിയാനങ്ങൾ ഉപയോഗിച്ച് ക്വിന്‍റൺ ഡി കോക്കിനെ മറികടക്കാനും ശ്രമിക്കും. ഓപ്പണിംഗ് ഓവറുകൾ പ്രത്യേകിച്ച് കാണേണ്ട ഒന്നായിരിക്കും. പന്ത് ഇരുവശത്തേക്കും സ്വിങ് ചെയ്യാൻ ഭുവി ശ്രമിക്കുന്നതിനാൽ ഡി കോക്കിന് വെല്ലുവിളി ഉയർത്തിയേക്കും.
ടെംബ ബാവുമ vs യുസ്‌വേന്ദ്ര ചഹൽ: പരിമിത ഓവർ ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമയാണ് ടീമിനെ നയിക്കുന്നത്, ആതിഥേയർ കടുത്ത വെല്ലുവിളി ഉയർത്തുമ്പോൾ, സ്‌പിൻ മാന്ത്രികനായ ലെഗ് സ്‌പിന്നർ യുസ്‌വേന്ദ്ര ചഹലിന്‍റെ വെല്ലുവിളിയും അദ്ദേഹത്തിന് നേരിടേണ്ടി വരും. ഐപിഎൽ 2022 പർപ്പിൾ ക്യാപ്പ് ജേതാവായ സ്‌പിന്നർ 17 മത്സരങ്ങളിൽ നിന്ന് 7.75 എക്കോണമിയിൽ ആകെ 27 വിക്കറ്റുകൾ നേടി. തന്‍റെ മികച്ച ഫോം തുടരാൻ ചഹൽ ആഗ്രഹിക്കുന്നു.
ഡേവിഡ് മില്ലർ vs ഹർഷൽ പട്ടേൽ: ഐപിഎൽ 2022-ൽ ഗുജറാത്ത് ടൈറ്റൻസിനൊപ്പം കിരീടം നേടിയ താരങ്ങളിലൊരാളാണ് ഡേവിഡ് മില്ലർ. ഐപിഎല്ലിൽ ഇത്തവണ 68.71 ശരാശരിയിലും 142.73 സ്‌ട്രൈക്ക് റേറ്റിലും 481 റൺസാണ് മില്ലർ നേടിയത്. മധ്യനിരയിൽ ബാറ്റുചെയ്യുമ്പോൾ, 7.66 എക്കോണമിയിൽ 19 വിക്കറ്റ് നേടിയ പേസ് ബൗളർ ഹർഷൽ പട്ടേലിനെയാകും മില്ലര്‍ എതിരിടേണ്ടി വരിക. അതിനാൽ ‘കില്ലർ മില്ലർ’ ആധിപത്യം സ്ഥാപിക്കുമോ അതോ തന്‍റെ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങ് എതിരാളിയെ ഹർഷലിന് പുറത്താക്കാൻ കഴിയുമോയെന്നത് ആവേശകരമാണ്.