നാഗ്പൂര്‍ : 13കാരന് യഷ് ചൗഡെയുടെ ബാറ്റിങ് വിസ്മയത്തില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം. 40 ഓവര്‍ മത്സരത്തില്‍ ഓപ്പണറായി എത്തിയ താരം പുറത്താകാതെ 508 റണ്‍സാണ് അടിച്ചെടുത്തത്. 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായുള്ള മുംബൈ ഇന്ത്യന്‍സ് ജൂനിയര്‍ ഇന്റര്‍ സ്കൂള്‍ ടൂര്‍ണമെന്റിലാണ് യഷ് ചൗഡെയുടെ മാസ്മരിക പ്രകടനം. സരസ്വതി വിദ്യാലയത്തിനായി കളത്തിലിറങ്ങിയ യഷ് സിദ്ധേശ്വര്‍ വിദ്യാലയക്കെതിരെയാണ് തകര്‍പ്പന്‍ കളി പുറത്തെടുത്തത്.
വെറും 178 പന്തുകളില്‍ നിന്ന് 81 ഫോറുകളും 18 സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്. ഇതോടെ ഇന്ത്യയിലുടനീളമുള്ള ഇന്റർ സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റുകളിൽ പരിമിത ഓവർ ഫോർമാറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് വലങ്കയ്യന്‍ ബാറ്റര്‍ സ്വന്തമാക്കി.
യഷിന്റെ സഹ ഓപ്പണര്‍ തിലക് വകോഡെ 97 പന്തില്‍ 127 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ഇതോടെ ഇരുവരും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ 714 റണ്‍സെന്ന കൂറ്റന്‍ സ്കോറാണ് ടീമിന് സമ്മാനിച്ചത്. മറുപടിക്കിറങ്ങിയ സിദ്ധേശ്വര്‍ വിദ്യാലയ അഞ്ച് ഓവറില്‍ വെറും 9 റണ്‍സിന് ഓള് ഓട്ട് ആവുകയും ചെയ്തതോടെ 705 റണ്‍സിന്റെ റെക്കോഡ് വിജയമാണ് സരസ്വതി വിദ്യാലയ സ്വന്തമാക്കിയത്.
ALSO READ: സൂര്യയല്ല, ഇന്ത്യന്‍ ടീമിലുണ്ടാവേണ്ടത് സര്‍ഫറാസ് ; കാരണം നിരത്തി ആകാശ് ചോപ്ര
പരിമിത ഓവര്‍ ഇന്റര്‍ സ്കൂള്‍ ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന റെക്കോഡ് ശ്രീലങ്കയുടെ ചിരത് സെല്ലെപെരുമയുടെ പേരിലാണ്. അണ്ടര്‍ 15 ഇന്റര്‍ സ്കൂള്‍ മത്സരത്തില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ 553 റണ്‍സ് അടിച്ചെടുത്താണ് ചിരത് റെക്കോഡിട്ടത്.