ന്യൂഡല്‍ഹി: ബാഡ്‌മിന്‍റണ്‍ താരം പിവി സിന്ധു പത്മഭൂഷൺ സ്വീകരിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌കാരം വിതരണം ചെയ്‌തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ എന്നിവരും ചടങ്ങില്‍ സാന്നിഹിതരായിരുന്നു.
പുരസ്‌കാര ലബ്‌ദിയില്‍ വളരെയധികം സന്തോഷമുണ്ടെന്നും ഇത്തരം പുരസ്‌കാരങ്ങള്‍ പ്രചോദനമാണെന്നും സിന്ധു പ്രതികരിച്ചു. "ഇത് അഭിമാന നിമിഷമാണ്. ഇത്തരത്തിലുള്ള പുരസ്‌കാരങ്ങള്‍ ഭാവിയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങൾക്ക് വളരെയധികം പ്രോത്സാഹനവും പിന്തുണയും പ്രചോദനവും നൽകുന്നതാണ്. രാജ്യത്തിനായി ഇനിയും നേട്ടങ്ങള്‍ കൈവരിക്കാന്‍ കഠിനമായി പരിശ്രമിക്കുകയും കഴിവിന്‍റെ പരമാവധി നല്‍കുകയും ചെയ്യും" സിന്ധു പറഞ്ഞു.
2015-ൽ പത്മശ്രീയും 2016-ൽ ഖേൽരത്‌ന പുരസ്‌കാരവും സിന്ധുവിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ താരം 2016ലെ റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡലും സ്വന്തമാക്കിയിരുന്നു. ഇതോടെ തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോഡും 26കാരിയായ താരം സ്വന്തം പേരിലാക്കുകയും ചെയ്‌തു.
also read: സാവിക്ക് ബാഴ്‌സയെ വൈകാരികമായറിയാം; പരിശീലകനായി അനുയോജ്യനെന്നും ഇനിയസ്റ്റ
ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മ പുരസ്‌കാരങ്ങൾ റിപ്ലബ്ലിക് ദിനത്തിലാണ് പ്രഖ്യാപിക്കുന്നത്. മൂന്ന് വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകുന്നത്. അസാധാരണവും വിശിഷ്ടവുമായ സേവനത്തിന് പത്മവിഭൂഷണും ഉന്നതരുടെ വിശിഷ്ട സേവനത്തിന് പത്മഭൂഷണും വിശിഷ്‌ട സേവനത്തിന് പത്മശ്രീ പുരസ്‌കാരവുമാണ് നൽകുന്നത്.