ന്യൂഡല്‍ഹി: മലേഷ്യൻ ഓപ്പണിൽ നിന്നും ഇന്ത്യൻ ബാഡ്മിന്‍റൺ ടീം പിന്മാറി. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് മലേഷ്യൻ സർക്കാർ താൽക്കാലിക യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് പിന്മാറ്റം. 'ഇന്ത്യൻ ടീമിനെ പങ്കെടുപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കായിക മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം വഴി മലേഷ്യൻ അധികൃതരെ സമീപിച്ചിരുന്നു, എന്നാൽ ഇവിടെ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തില്‍ യാത്രാവിലക്കില്‍ ഇളവ് നല്‍കാനാവില്ലെന്ന് മലേഷ്യൻ സർക്കാർ ഇന്ത്യൻ ഹൈക്കമ്മിഷനെ അറിയിക്കുകയായിരുന്നു' - ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
read more: സ്പാനിഷ് ഫുട്ബോൾ ഇതിഹാസം ഡേവിഡ് വിയ ഒഡിഷ എഫ്.സിയിലേക്ക്
അതേസമയം ജൂൺ 15ന് അവസാനിക്കുന്ന ഒളിമ്പിക് യോഗ്യത കലണ്ടറിലെ അവസാന ഇവന്‍റുകളിലൊന്നാണ് മലേഷ്യന്‍ ഓപ്പണ്‍. തുടര്‍ന്ന് നടക്കുന്ന സിങ്കപ്പൂര്‍ ഓപ്പണാണ് കലണ്ടറിലെ അവസാന ടൂര്‍ണമെന്‍റ്. ഇതോടെ മുൻനിര താരങ്ങളായ പിവി സിന്ധു, സൈന നെഹ്‌വാൾ, കിഡംബി ശ്രീകാന്ത്, സായ് പ്രനീത്, ചിരാഗ് ഷെട്ടി, അശ്വിനി പൊന്നപ്പ, സിക്കി റെഡി തുടങ്ങിയവരെല്ലാം തന്നെ മത്സരത്തിനായുള്ള ഒരുക്കത്തിലായിരുന്നു.
മെയ് 25 മുതൽ 30 വരെയാണ് മലേഷ്യന്‍ ഓപ്പണ്‍ നടക്കുക. എന്നാല്‍ താരങ്ങള്‍ അടുത്തമാസം ദോഹ വഴി മലേഷ്യയിലേക്ക് പോകുമെന്നാണ് ബാഡ്മിന്‍റൺ അസോസിയേഷൻ ഓഫ് ഇന്ത്യ (ബിഎഐ) നേരത്തെ അറിയിച്ചിരുന്നത്. ഇവിടെ നിന്നും സിങ്കപ്പൂർ ഓപ്പണിനായി സിങ്കപ്പൂരിലേക്ക് പോകുമെന്നും ബിഎഐ പ്രതികരിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ യോഗ്യത കലണ്ടറിലെ അവസാന ടൂര്‍ണമെന്‍റായ സിങ്കപ്പൂർ ഓപ്പണിലും താരങ്ങള്‍ക്ക് പങ്കെടുക്കാനാവുമോയെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ജൂൺ ഒന്ന് മുതൽ ആറ് വരെയാണ് സിങ്കപ്പൂർ ഓപ്പണ്‍.