ജക്കാർത്ത: ഇന്തോനേഷ്യൻ ഓപ്പൺ ഫൈനലില്‍ പി വി സിന്ധുവിന് തോല്‍വി. ജപ്പാന്‍റെ അകാനെ യമാഗൂച്ചിയോടാണ് ഇന്ത്യൻ താരം പരാജയപ്പെട്ടത്. ഇതോടെ സീസണിലെ ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങിയ സിന്ധുവിന് വെള്ളി കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.
നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു യമാഗൂച്ചിയുടെ ജയം. സ്കോർ 15- 21, 16 -21. ഒന്നാം സെറ്റിന്‍റെ തുടക്കത്തില്‍ സിന്ധു ആധിപത്യം പുലർത്തിയിരുന്നുവെങ്കിലും പിന്നീട് അത് നിലനിർത്താനായില്ല. യമാഗൂച്ചിയുടെ കരുത്തേറിയ ഷോട്ടുകൾ പലതലവണ സിന്ധുവിന്‍റെ ശരീരത്താണ് വന്ന് പതിച്ചത്. പ്രധാനപ്പെട്ട ടൂർണമെന്‍റുകളില്‍ കാലിടറുന്ന പതിവ് സിന്ധു ഇവിടെയും തുടർന്നു. സെമിയില്‍ ലോക മൂന്നാം നമ്പർ താരമായ ചെൻ യുഫെയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സിന്ധു ഫൈനലിലേക്ക് കടന്നത്. ഈ സീസണിലെ ആദ്യ കിരീടത്തനായി സിന്ധു ഇനിയും കാത്തിരിക്കണം. അതേസമയം ഈ സീസണിലെ മൂന്നാം കിരീടം സ്വന്തമാക്കിയ അകാനെ യമാഗൂച്ചിയുടെ ആദ്യ ഇന്തോനേഷ്യൻ ഓപ്പൺ കിരീടമാണിത്.