ബാലി: ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തില്‍ പിവി സിന്ധുവിന് നിരാശ. വനിതകളുടെ സിംഗിള്‍സില്‍ ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ തായ്‌ലന്‍ഡിന്‍റെ പോൺപാവീ ചോച്ചുവോങാണ് സിന്ധുവിനെ കീഴടക്കിയത്.
ഒരു മണിക്കൂര്‍ നീണ്ട് 11 മിനുട്ട് നീണ്ടു നിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് തായ്‌ലന്‍ഡ് താരത്തിന്‍റെ ജയം. സ്‌കോര്‍: 21-12, 19-21, 21-14.
ആദ്യ സെറ്റില്‍ 21-12ന് അനായാസം കീഴടങ്ങിയ സിന്ധു രണ്ടാം സെറ്റില്‍ തിരിച്ചു വന്നു. 19-21ന് ഈ സെറ്റ് സ്വന്തമാക്കാന്‍ സിന്ധുവിനായി.
ഇതോടെ നിര്‍ണായകമായ മൂന്നാം സെറ്റില്‍ ചോച്ചുവോങ്ങിന് കാര്യമായ വെല്ലുവിളിയുയര്‍ത്താന്‍ സിന്ധുവിനായില്ല. 21-14നാണ് ഈ സെറ്റ് സിന്ധുവിന് കൈമോശം വന്നത്.
മത്സരത്തിലെ വിജയത്തോടെ ഗ്രൂപ്പ് എയിലെ പോയിന്‍റ് പട്ടികയില്‍ ചോച്ചുവോങ് തലപ്പത്തെത്തി. ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയിച്ച സിന്ധു രണ്ടാം സ്ഥാനത്താണ്. ഇരുവരും നേരത്തെ തന്നെ സെമി ഫൈനലിന് യോഗ്യത നേടിയിരുന്നു.