മാഡ്രിഡ്: ബിഡബ്ല്യുഎഫ് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യയുടെ പിവി സിന്ധു. വനിത സിംഗിള്‍സിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ തായ്‌ലന്‍ഡിന്‍റെ പോൺപാവീ ചോച്ചുവോങ്ങിനെയാണ് നിലവിലെ ചാമ്പ്യന്‍ കൂടിയായ സിന്ധു കീഴടക്കിയത്. 48 മിനിട്ടുകള്‍ മാത്രം നീണ്ട് നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരം ജയിച്ചത്. സ്‌കോര്‍: 21-14, 21-18.
സീസണില്‍ തുടര്‍ച്ചയായ രണ്ട് ടൂര്‍ണമെന്‍റുകളില്‍ തന്നെ തോല്‍പ്പിച്ച തായ്‌ലന്‍ഡ് താരത്തിനോടുള്ള കടം വീട്ടല്‍ കൂടിയാണ് സിന്ധുവിനിത്. നേരത്തെ ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലും, മാര്‍ച്ചില്‍ നടന്ന ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിലും പോൺപാവീ ചോച്ചുവോങ് സിന്ധുവിനെ തോല്‍പ്പിച്ചിരുന്നു.
ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂ യിങ്ങാണ് ക്വാര്‍ട്ടറില്‍ സിന്ധുവിന്‍റെ എതിരാളി. സ്‌കോട്ട്‌ലൻഡിന്‍റെ കിർസ്റ്റി ഗിൽമോറിനെ തോൽപിച്ചാണ് തായ് സൂ യിങ് ക്വാര്‍ട്ടറിനെത്തുന്നത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് താരം വിജയം പിടിച്ചത്. സ്‌കോര്‍: 21-10 19-21, 21-11.