മാഡ്രിഡ് : ബിഡബ്ല്യുഎഫ് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി. പുരുഷ സിംഗിള്‍സ് ഫൈനലില്‍ സിംഗപ്പൂരിന്‍റെ ലോ കെന്‍ യൂവിനോടാണ് ശ്രീകാന്ത് തോല്‍വി വഴങ്ങിയത്.
ഹ്യുല്‍വയിലെ കരോലിന മാരിന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്‍റെ തോല്‍വി. സ്കോര്‍: 15-21, 20-22.
ആദ്യ സെറ്റില്‍ സിംഗപ്പൂര്‍ താരത്തിനെതിരെ 9-3ന് ലീഡെടുത്ത ശേഷമാണ് ശ്രീകാന്തിന്‍റെ കീഴടങ്ങല്‍. രണ്ടാം സെറ്റിലും 20-20ന് ഒപ്പം പിടിച്ചുവെങ്കിലും സെറ്റും മത്സരവും 28കാരനായ ശ്രീകാന്തിന് കൈമോശം വന്നു.
ഇതോടെ ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന നേട്ടം സ്വന്തമാക്കാന്‍ മുന്‍ ലോക ഒന്നാം നമ്പറായ ശ്രീകാന്തിനായി.
ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന നേട്ടം ശ്രീകാന്ത് നേരത്തെ സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ തോല്‍പ്പിച്ചാണ് താരം ഫൈനലിലെത്തിയിരുന്നത്.
വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ശ്രീകാന്തിന്‍റെ വിജയം. സ്‌കോര്‍: 17-21, 21-14, 21-17. സെമിയിൽ തോറ്റെങ്കിലും ലക്ഷ്യ സെന്നിന് വെങ്കല മെഡൽ നേടാനായി.
പ്രകാശ് പദുക്കോണ്‍ (1983), സായ് പ്രണീത് (2019), എന്നിവരാണ് ഇവരുവര്‍ക്കും മുന്‍പേ ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ പുരുഷ താരങ്ങള്‍.