ക്വാലാലംപൂർ: മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റിലെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ 11-ാം സീഡ് ബി സായ് പ്രണീത് പുറത്ത്. ഡെന്‍മാർക്കിന്‍റെ റാസ്‌മസ് ജെംകെയോട് നേരിട്ടുള്ള സെറ്റുകൾക്കാണ് സായ് പ്രണീത് പരാജയപെട്ടത്. 46 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ജെംകെക്കായിരുന്നു മേല്‍ക്കൈ. സ്‌കോർ: 11-21, 15-21. സായ് പ്രണീത് 2019-ല്‍ ബിഡബ്ല്യൂഎഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു.
നേരത്തെ ചൊവ്വാഴ്ച്ച നടന്ന പുരഷ ഡബിൾസില്‍ ഇന്ത്യയുടെ സാത്വിക്ക് സായ്‌രാജ് റാങ്കിറെഡി, ചിരാഗ് ഷെട്ടി സഖ്യവും മലേഷ്യന്‍ മാസ്‌റ്റേഴ്‌സില്‍ നിന്നും പുറത്തായിരുന്നു. മലേഷ്യയുടെ ഓങ് യെ സിന്‍, ടിയോ ഇ യി സഖ്യമാണ് ഇന്ത്യന്‍ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തിയത്. സ്‌കോർ: 21-15, 18-21, 21-15. മത്സരം 52 മിനുട്ട് നീണ്ടുനിന്നു. ആദ്യ ഗെയിമില്‍ മലേഷ്യന്‍ കൂട്ടുകെട്ടിനായിരുന്നു മേല്‍ക്കൈ. രണ്ടാമത്തെ മത്സരത്തില്‍ സാത്വിക്, ചിരാഗ് സഖ്യം മേല്‍ക്കൈ നേടിയെങ്കിലും മൂന്നാമത്തെ സെറ്റില്‍ മത്സരം കൈവിട്ടു.
ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയുടെ പിവി സിന്ധു, പി കശ്യപ്, സൈന നെഹ്‌വാൾ, കിഡംബി ശ്രീകന്ത്, സമീർ വർമ്മ, എച്ച് എസ് പ്രണോയ് എന്നിവർ മാറ്റുരക്കും.